അസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: പാകിസ്താന്റെ ആണവായുധങ്ങൾ നിരായുധീകരിക്കണമെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ലോകത്തിന് മുഴുവൻ ഭീഷണിയായ ഒരു രാഷ്ട്രത്തിനെതിരെ ഇന്ത്യ നിലകൊള്ളണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഒരുഘട്ടത്തിൽ പാകിസ്‍താന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്നും ആ രാജ്യത്തിന് ആണവായുധങ്ങൾ കൈവശം വെക്കാൻ അനുവദിക്കണോ എന്നും ലോകനേതാക്കൾ തീരുമാനിക്കേണ്ടി വരും. തങ്ങളുടെ തെറ്റുകൾ ന്യായീകരിക്കാൻ അവർ ഖുർആൻ വാക്യങ്ങൾ ഉദ്ധരിക്കുകയാണെന്ന് പാക് സൈന്യത്തെയും ഭരണകൂടത്തെയും നുണയൻമാരെന്ന് വിശേഷിപ്പിച്ച ഉവൈസി ആരോപിച്ചു.
ഇന്ത്യക്കെതിരെ ഇസ്‍ലാമിക യുദ്ധം നടത്തുകയാണെന്നാണ് പാകിസ്താൻ പറയുന്നത്. 20 കോടി മുസ്‍ലിംകൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് അവർ മനസിലാക്കണം. ബലൂചിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്താൻ, പഴയ കിഴക്കൻ പാകിസ്താൻ (ഇപ്പോഴത്തെ ബംഗ്ലാദേശ്) എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ അതിക്രമങ്ങൾ ഓർക്കണം. അങ്ങനെ ചെയ്യുമ്പോൾ അവർ ഖുർആൻ വാക്യങ്ങൾ മറന്നുപോയോയെന്നും ഉവൈസി ചോദിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തുകയും കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളെ കൊല്ലുകയും ചെയ്യുകയാണെന്നും ഉവൈസി പറഞ്ഞു.
ഇസ്‍ലാമിന്റെ പേരിൽ ദിൽസുഖ് നഗർ സ്ഫോടനം, ലുംബിനി പാർക്ക് സ്ഫോടനം, ഗോകുൽ ചാറ്റ് സ്ഫോടനം എന്നിവ നടന്നു. നിങ്ങൾ മാത്രമേ സ്വർഗത്തിൽ പോകൂ എന്നും ഞങ്ങൾ 20 കോടി മുസ്‍ലിംകൾ സ്വർഗത്തിൽ പോകില്ല എന്നുമാണ് പാകിസ്താൻ പറയാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 75 വർഷമായി ഇസ്‍ലാമിന്റെ പേരിൽ നിങ്ങൾ ഇന്ത്യയിൽ തീവ്രവാദികളെ അയച്ചുകൊണ്ട് അതിക്രമങ്ങൾ നടത്തിവരികയാണെന്നും ഉവൈസി പറഞ്ഞു.
ഐ.എം.എഫിൽ നിന്ന് വീണ്ടും വായ്പയെടുത്ത പാകിസ്താനെ ഭീക്ഷാടകൾ എന്നും ഉവൈസി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.