ജമ്മു കശ്മീരിലെ ഉറിയിൽ ഝലം നദിക്ക് കുറുകെയുള്ള അണക്കെട്ട്

‘സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ

ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ജലമന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ രൂപവത്കരിച്ച കരാറിൽനിന്ന് ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പിന്മാറിയത്. ഭീകരതക്കെതിരെ പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാർ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയുടെ തീരുമാനം പാകിസ്താനിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. കരാർ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ കിഴക്കൻ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറൻ നദികളിലെ ജലം പാകിസ്നും ഉപയോഗിക്കാം. എന്നാൽ ഭീകരാക്രമണത്തിനു പിന്നാലെ. ഘട്ടംഘട്ടമായി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് പൂർണമായും തടയുമെന്നാണ് ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞത്. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

“സിന്ധു നദീജല കരാർ അതിന്‍റെ ആമുഖത്തിൽ പറയുന്നതുപോലെ നന്മയും സൗഹൃദവും കരുതിയുള്ളതാണ്. എന്നാൽ പല ദശകങ്ങളായി അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാകിസ്താൻ ഈ തത്ത്വങ്ങളിൽനിന്ന് ഏറെ അകലെയാണ്” -വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റി സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതായി അറിയിച്ചത്.

Tags:    
News Summary - Pak ministry writes to India, urges it to reconsider Indus treaty stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.