രാഹുലിന്റെ പരാമർശത്തിൽ പ്രാദേശിക കക്ഷികൾക്ക് നീരസം

ന്യൂഡൽഹി: ആശയപരമായ അടിത്തറയില്ലാത്ത പ്രാദേശിക പാർട്ടികൾക്ക് ബി.ജെ.പിയെ നേരിടാൻ കഴിയില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രാദേശിക സഖ്യകക്ഷികൾ.

ഉദയ്പൂർ നവസങ്കൽപ് ശിബിര സമാപന പ്രസംഗത്തിലാണ് രാഹുൽ സഖ്യകക്ഷികളെ ചൊടിപ്പിച്ച പ്രസ്താവന നടത്തിയത്. ദേശീയ തലത്തിൽ ബി.ജെ.പി-ആർ.എസ്.എസ് അജണ്ടയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ എന്നും പ്രാദേശിക പാർട്ടികൾക്ക് അതിന് പറ്റില്ലെന്നും രാഹുൽ പറഞ്ഞു. കാവി ആശയത്തെ മതനിരപേക്ഷതയിൽ ഊന്നിയ ആശയാദർശം കൊണ്ട് നേരിടാൻ കോൺഗ്രസിനാണ് കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പ്രാദേശിക കക്ഷികൾക്ക് ആശയപരമായ അടിത്തറ ഇല്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച, ആർ.ജെ.ഡി, എൻ.സി.പി തുടങ്ങി വിവിധ കക്ഷികളുടെ നേതാക്കൾ ചോദിച്ചു. പ്രാദേശികതലത്തിൽ വളർന്നത് സ്വന്തം രാഷ്ട്രീയ നിലപാടുകൾ മുന്നോട്ടുവെച്ചു തന്നെയാണ്. ബി.ജെ.പിയെ അതതിടങ്ങളിൽ നേരിടുന്നുമുണ്ട്. ഇത്തരം പ്രാദേശിക കക്ഷികളുടെ സഹകരണത്തോടെയാണ് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേട്ടമുണ്ടാക്കുന്നത്. എന്നിരിക്കെ, രാഹുൽ ഗാന്ധിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്.

രാജ്യത്ത് ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത് 225 വരെ ലോക്സഭ മണ്ഡലങ്ങളിലാണ്. ബാക്കിയുള്ളവ പ്രാദേശിക പാർട്ടികൾക്ക് വിട്ടുകൊടുത്ത് ബി.ജെ.പിക്കെതിരെ ഫലപ്രദവും തന്ത്രപരവുമായ പോരാട്ടത്തിന് കോൺഗ്രസ് അവസരമൊരുക്കണമെന്ന ആവശ്യവും ആർ.ജെ.ഡി അടക്കമുള്ളവർ ഉന്നയിച്ചു.

Tags:    
News Summary - Opposition parties upset over Rahul's remark on ideology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.