ബംഗളൂരു: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, സൈനിക ദൗത്യത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ രംഗത്ത്. ഓപറേഷൻ സിന്ദൂർ വെറും ഷോഓഫ് മാത്രമായിരുന്നുവെന്നും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി നേടിക്കൊടുക്കാൻ ദൗത്യത്തിന് കഴിഞ്ഞില്ലെന്നും എം.എൽ.എ കോട്ടൂർ മഞ്ജുനാഥ് പറഞ്ഞു. എം.എൽ.എയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
“ഒന്നും ചെയ്തില്ല. വെറും ഷോഓഫ് മാത്രം, മൂന്ന് നാല് വിമാനങ്ങൾ തലക്കു മുകളിലൂടെ പറത്തി തിരികെ വന്നു. പഹൽഗാമിൽ 26-28 പേരെ കൊലപ്പെടുത്തിയതിനുള്ള പരിഹാരമാകുമോ അത്? ആ വനികൾക്ക് നഷ്ടപരിഹാരം നൽകേണ്ടത് ഇങ്ങനെയാണോ? ഇങ്ങനെയാണോ അവരെ ആശ്വസിപ്പിക്കേണ്ടത്? നമ്മൾ ആദരവ് കാണിക്കുന്നത് ഇങ്ങനെയാണോ? നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു എന്നതിന് സ്ഥിരീകരണമില്ല. അതിർത്തി കടന്നെത്തിയവരെ തിരിച്ചറിയുകയോ കൊല്ലപ്പെട്ടത് അവരാണെന്ന ഉറപ്പോ ഇല്ല.
മാധ്യമങ്ങൾ പുറത്തുവിടുന്നത് പല റിപ്പോർട്ടുകളാണ്. ആരെ വിശ്വസിക്കും? ഔദ്യോഗിക പ്രതികരണം വരാത്തതെന്താണ്? എന്തുകൊണ്ടാണ് അതിർത്തിയിൽ സുരക്ഷാവീഴ്ചയുണ്ടാകുന്നത്? ആക്രമണം നടത്തിയവർ എങ്ങനെ രക്ഷപെട്ടു? ഭീകരവാദത്തിന്‍റെ അടിവേരും ശാഖകളും കണ്ടെത്തി പൂർണമായും ഇല്ലാതാക്കണം. പാകിസ്താനിലോ ചൈനയിലോ ബംഗ്ലാദേശിലോ എവിടെയായാലും സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ അംഗീകരിക്കുന്നില്ല” -മഞ്ജുനാഥ് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ സൈനിക നീക്കമാണ് ഓപറേഷൻ സിന്ദൂർ. പാകിസ്താനിലും പാക്കധീന കശ്മീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.