സോമനാഥ് ക്ഷേത്ര പരിസരത്തെ മാംസ നിരോധനം തുടരും: ഹൈകോടതി വിധി മണിക്കൂറുകൾക്കകം സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

ഗാന്ധിനഗർ: വേരാവലിലെ സോമനാഥ് ക്ഷേത്രത്തിലേക്കുള്ള റോഡുകളിലും ക്ഷേത്രത്തിന് അര കിലോമീറ്റർ ചുറ്റളവിലും നോൺ-വെജ് ഭക്ഷണങ്ങളുടെ വിൽപ്പനയും സംഭരണവും വിതരണവും പാചകം ചെയ്യുന്നതും തടഞ്ഞുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റ് 10-നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ ആറ് റെസ്റ്റോറന്റുകൾ കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് ബെഞ്ച് ഉച്ചയോടെ നിരോധനം നീക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാൽ ഉത്തരവ് വന്ന് അധികം വൈകാതെ നിലവിലെ സ്ഥിതിയിൽ മാറ്റമില്ലെന്നും അഞ്ച് ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സർക്കാർ പ്ലീഡർ ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബെഞ്ച് ഇത് നിരസിച്ചു. തുടർന്ന് വിധി ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് വൈകിട്ട് ഏഴ് മണിക്ക് മുൻപ് തന്നെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും നിരോധനം നിലനിർത്തുകയും ചെയ്തു. കേസ് ഡിവിഷൻ ബെഞ്ച് ഡിസംബർ 26-ന് വീണ്ടും പരിഗണിക്കും.

ക്ഷേത്രത്തിന്റെ പവിത്രതയും ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ സൗകര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സർക്കാരിന്റെ വാദം. അമൃത്സർ, ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളുടെ മാതൃകയിലാണ് സോംനാഥിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പതിറ്റാടുകളായി പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും നൂറുകണക്കിന് ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തകരുമെന്നും റെസ്റ്റോറന്റ് ഉടമകൾ പറയുന്നു. പൊതുസ്ഥലങ്ങൾ നിയന്ത്രിക്കാനുള്ള ഗുജറാത്ത് പൊലീസ് നിയമത്തിന്റെ പരിധിയിൽ റെസ്റ്റോറന്റുകൾ വരില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Non-veg food sale near temples cannot be stopped Gujarat High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.