കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണെന്ന് പറയാൻ മതിയായ തെളിവില്ല -മുൻ ഐ.സി.എം.ആർ വിദഗ്ധൻ

ന്യൂഡൽഹി: കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണെന്ന് പറയാൻ മതിയായ തെളിവില്ലെന്ന് ഐ.സി.എം.ആർ മുൻ ശാസ്ത്രജ്ഞനും പകർച്ചവ്യാധി പഠനവിഭാഗത്തിന്‍റെ തലവനുമായിരുന്ന ഡോ. രാമൻ ആർ. ഗംഗാകേദ്കർ. ജന്തുജന്യമായി പകർന്നതാണോയെന്നും പറയാനാകില്ല. തെളിവുകളോടുകൂടി മാത്രമേ എന്തെങ്കിലും ഉറപ്പിച്ചുപറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം വിവാദമുയർത്തിയ പശ്ചാത്തലത്തിലാണ് ഐ.സി.എം.ആർ മുൻ ശാസ്ത്രജ്ഞന്‍റെ വിലയിരുത്തൽ.

ബ്രിട്ടീഷ് പ്രഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർവെയിൻ ശാസ്ത്രജ്ഞൻ ഡോ. ബിർജെർ സോറെൻസർ എന്നിവർ നടത്തിയ പഠനത്തിലാണ് വൈറസിനെ ലാബിൽ സൃഷ്ടിച്ചതാണെന്ന നിഗമനത്തിലെത്തിയത്. ഡെയ്ലി മെയിലാണ് ഇവരുടെ പഠനം പുറത്തുവിട്ടത്.

ചൈനയിലെ ഗുഹകളിലെ വവ്വാലുകളിലെ സാധാരണ വൈറസുകളിൽ മാറ്റം വരുത്തി അതിവ്യാപന ശേഷിയുള്ള വൈറസാക്കി മാറ്റുകയായിരുന്നെന്നാണ് ഇവരുടെ പഠനം. വവ്വാലുകളിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ റിവേഴ്സ് എൻജിനീയറിങ് നടത്തിയെന്നും ഇവർ പറയുന്നു.

ചൈനയിലെ വുഹാനിലാണ് 2019 അവസാനത്തിൽ സാർസ് കോവ് -2 കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. വുഹാനിലെ മാംസമാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നു. എന്നാൽ, അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങൾ വൈറസ് രൂപീകരണത്തിലും വ്യാപനത്തിലും ചൈനക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ട്.

Tags:    
News Summary - No proof on COVID-19 being artificially created in lab: Ex-ICMR official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.