കോൺഗ്രസിനും മീനാക്ഷി നടരാജനും തിരിച്ചടി; രാജ്യസഭ പത്രിക തള്ളിയതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോൺഗ്രസിന്‍റെ മീനാക്ഷി നടരാജൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പത്രിക തള്ളിയ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. തെരഞ്ഞെടുപ്പ് കമീഷനിൽ അപ്പീൽ നൽകാനും കോടതി നിർദേശം നൽകി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെയാണ് മീനാക്ഷി കോടതിയെ സമീപിച്ചത്. മൂന്ന് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18ന് നടക്കാനിരിക്കെയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചത്. പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അവധിക്കാല ബെഞ്ചിലാണ് ഹരജി നൽകിയത്.

റിട്ടേണിങ് ഓഫിസർ പത്രിക തള്ളിയാൽ, അതിനുള്ള ഏക പരിഹാരം തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുക എന്നതാണെന്ന് ജസ്റ്റിസുമാരായ പി.കെ. മിശ്രയും എ.എസ്. ചന്ദുർക്കറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

കോടതി തീർച്ചയായും ഇടപെടേണ്ട കേസാണിതെന്ന് മീനാക്ഷി നടരാജന്റെ അഭിഭാഷകൻ അഭിഷേക് സിങ്വി കോടതിയിൽ വാദിച്ചു. കുറഞ്ഞത് രണ്ട് വർഷം തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസുകളാണ് ഒരു സ്ഥാനാർഥി പത്രികക്കൊപ്പം വെളിപ്പെടുത്തേണ്ടതെന്നും ഈ കേസിൽ സമൻസ് മാത്രമേ നൽകിയിട്ടുള്ളൂവെന്നും സിങ്വി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ജനപ്രതിനിധി നിയമപ്രകാരം ക്രിമിനൽ കേസ് വെളിപ്പെടുത്താത്തതിന്റെ പേരിൽ മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സ്ഥാനാർഥി മഹേഷ് കേവത്, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കോത്താരി എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഉന്നയിച്ച എതിർപ്പുകളെത്തുടർന്ന് ജൂൺ ഒമ്പതിനാണ് റിട്ടേണിങ് ഓഫീസറും മധ്യപ്രദേശ് അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറിയുമായ അരവിന്ദ് ശർമ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിശദാംശങ്ങൾ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മീനാക്ഷി മറച്ചുവെച്ചു എന്നാരോപിച്ചാണ് പത്രിക തള്ളിയത്.

എന്നാൽ തന്‍റെ പേരിലുള്ളത് ക്രിമിനൽ കേസല്ല, മറിച്ച് ഒരു നിയമപരമായ നോട്ടീസ് മാത്രമാണെന്ന് മീനാക്ഷി നടരാജൻ വ്യക്തമാക്കി. കോടതി ഈ പരാതിയിൽ കേസെടുക്കുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അതിനാൽ നാമനിർദേശ പത്രികയിൽ ഇത് വെളിപ്പെടുത്തേണ്ടതില്ലെന്നും വാദിച്ചിരുന്നു.

പത്രിക തള്ളിയതിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ വെള്ളിയാഴ്ചയും പ്രതിഷേധം സംഘടിപ്പിച്ചു. സീറ്റ് ചോരി ആരോപണം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Tags:    
News Summary - No Court Relief For Congress' Meenakshi Natarajan Over Nomination Rejection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.