നിവാനോ സമാധാന പുരസ്കാരം ഗാന്ധിയൻ രാജഗോപാലിന്; സമ്മാനത്തുക 1.23 കോടി രൂപ

ന്യൂഡൽഹി: നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാരം മലയാളി ഗാന്ധിമാർഗ പ്രവർത്തകൻ പി.വി. രാജാഗോപാലിന്. പാവങ്ങൾക്കും പാർശ്വവത്കൃതർക്കും വേണ്ടി നടത്തിയ അസാധാരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ജപ്പാൻ കേന്ദ്രമായ നിവാനോ പീസ് ഫൗണ്ടേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. മേയ് 11ന് ടോക്യോവിൽ നടക്കുന്ന ചടങ്ങിൽ മെഡലും 20 ദശലക്ഷം യെന്നും (1.23 കോടി രൂപ)അടങ്ങുന്ന അവാർഡ് സമ്മാനിക്കും.

വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള സഹകരണത്തിലൂടെ ലോക സമാധാനത്തിന് സംഭാവന ചെയ്യുന്നവരെ ആദരിക്കാൻ നൽകിവരുന്നതാണ് റിഷോ കൊസൈകൈ എന്ന ബുദ്ധസംഘടനയുടെ സ്ഥാപകൻ നിക്കിയോ നിവാനോയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം. 125 രാജ്യങ്ങളിൽനിന്നുമുള്ള നാമനിർദേശത്തിൽനിന്നാണ് രാജഗോപാലിനെ തെരഞ്ഞെടുത്തത്. ജാതി, ലിംഗഭേദമന്യേ മനുഷ്യരുടെ തുല്യാവകാശത്തിനും നീതിക്കും ഭൂമിയുടെ പുനർവിതരണത്തിനും വേണ്ടി രാജഗോപാൽ നടത്തിയ പ്രവർത്തനങ്ങളെ ഫൗണ്ടേഷൻ ശ്ലാഘിച്ചു.

കോഴിക്കോട് രാമനാട്ടുകരയിൽനിന്ന് മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ പോയി ഗാന്ധിയൻ മാർഗത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന രാജഗോപാൽ ഗ്വാളിയോറിൽനിന്ന് പതിനായിരക്കണക്കിന് ആദിവാസികളെയും കൊണ്ട് ഡൽഹി വരെ നടത്തിയ പദയാത്ര ഭൂമിക്ക് മേലുള്ള അവരുടെ അവകാശം സ്ഥാപിച്ചാണ് തിരിച്ചുപോയത്. ഏകത പരിഷത്തിന്റെ സ്ഥാപകനാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.