നീറ്റ് ചോദ്യപേപ്പർ ചോർച്ച: നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ പേപ്പർ ചോർച്ച വിവാദത്തിനുപിന്നാലെ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. എൻ.ടി.എയിലേക്ക് നാല് മുതിർന്ന ഉദ്യോഗസ്ഥരെക്കൂടി നിയമിച്ച് ക്യാബിനറ്റ് നിയമന സമിതി ഉത്തരവിറക്കി. രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയുമാണ് പുതുതായി ഏജൻസിയിൽ നിയമിച്ചിരിക്കുന്നത്.

പുതിയ നിയമന ഉത്തരവ് പ്രകാരം, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിലെ 1998 ബാച്ച് ഓഫിസറായ അനൂജ ബാപതിനെ എൻ.ടി.എ ജോയന്റ് സെക്രട്ടറിയായി നിയമിച്ചു. എൻ.ടി.എയിൽ നിലവിലുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടർ തസ്തിക താൽക്കാലികമായി അപ്‌ഗ്രേഡ് ചെയ്താണ് പുതിയ ജോയന്റ് സെക്രട്ടറി പദവി സൃഷ്ടിച്ചത്. ഈ തസ്തികക്ക് പ്രാരംഭഘട്ടത്തിൽ രണ്ട് വർഷത്തെ കാലാവധിയുണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരീക്ഷ ബോർഡിന്റെ വിശ്വാസ്യത വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് അടിയന്തരമായി പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ ചോദ്യക്കടലാസ് ചോർന്നെന്ന ആക്ഷേപത്തെ തുടർന്ന് നീറ്റ്-യു.ജി പരീക്ഷ റദ്ദാക്കേണ്ടി വന്നത് എൻ.ടി.എക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിരമായ ഈ മാറ്റം.

ദേശീയ പരീക്ഷ ഏജൻസി മേയ് മൂന്നിന് രാജ്യവ്യാപകമായി നടത്തിയ നീറ്റ്-യു.ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12-നാണ് റദ്ദാക്കിയത്. സി.ബി.ഐ അന്വേഷണത്തിൽ മുഖ്യസൂത്രധാരകരായ അധ്യാപകനെ അടക്കം നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയതിനെതിരെ രാജ്യത്തുടനീളം വലിയ വിദ്യാർഥി പ്രക്ഷോഭങ്ങഴും അരങ്ങേറുന്നു. എൻ.എസ്.യു.ഐ പ്രവർത്തകർ ഡൽഹി ശാസ്ത്രി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.

അതിനിടെ, റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. പരീക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായി അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - NEET question paper leak: Central government overhauls National Testing Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.