'ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ മത്സരിക്കു'; ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് നവനീത് റാണ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷവിമർശനവുമായി സ്വതന്ത്ര എം.പി നവനീത് റാണ. മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ശ്രീരാമന്‍റെ പേര് ഉപയോഗിച്ചതിന് ജയിലിലും ലോക്കപ്പിലും താൻ ആക്രമണത്തിനിരയായെന്നും അവർ ആരോപിച്ചു.

സംസ്ഥാനത്തെ ഏത് ജില്ലയിൽനിന്നും തനിക്കെതിരെ മത്സരിച്ച് വിജയിക്കാൻ റാണ താക്കറെയെ വെല്ലുവിളിച്ചു. 'നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ സംസ്ഥാനത്തെ ഏതു ജില്ലയിൽനിന്നും മത്സരിച്ചോളു. ഞാൻ താങ്കൾക്കെതിരെ മത്സരിക്കും. ജനം അപ്പോൾ ആരെയാണ് തെരഞ്ഞെടുക്കുക എന്ന് കാണാം' -റാണ പറഞ്ഞു.

ചികിത്സക്കുശേഷം ലീലാവതി ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി പുറത്തിറങ്ങിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയായ മാതോശ്രീക്കു മുന്നിൽ ഹനുമാൻ കീർത്തനം ജപിക്കുമെന്ന് വെല്ലുവിളിച്ചതിന് കഴിഞ്ഞ ഏപ്രിൽ 23ന് രാജ്യദ്രോഹ കുറ്റം ചുമത്തി നവനീത് റാണയെയും ഭർത്താവും എം.എൽ.എയുമായ രവിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ഇരുവരും ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഹനുമാൻ കീർത്തന ജപിക്കുന്നത് കുറ്റമാണെങ്കിൽ 14 ദിവസങ്ങളല്ല, 14 വർഷങ്ങൾ വരെ ജയിലിൽ കിടക്കാൻ താൻ തയാറാണ്. ഒരു സ്ത്രീയെ 14 ദിവസം ജയിലിൽ അടച്ച് അവരുടെ ശബ്ദം അടിച്ചമർത്താമെന്ന് അവർ വിചാരിച്ചാൽ അത് നടക്കില്ല. ഞങ്ങളുടെ പോരാട്ടം ദൈവത്തിന്റെ നാമത്തിലാണ്, അത് തുടരുമെന്നും റാണ പ്രതികരിച്ചു.

Tags:    
News Summary - Navneet Rana attacks Thackeray, dares Maharashtra CM to contest elections against her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.