പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിന് സെൻസറിങ്; ഡൽഹി പ്രതിഷേധ ചിത്രങ്ങൾ ഒഴിവാക്കിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ഡൽഹി ബിക്കാനർ ഹൗസിലെ ഫോട്ടോ പ്രദർശനത്തിൽ വിവാദം. ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിൽനിന്ന് ഡൽഹിയിലെ പ്രതിഷേധ പ്രകടനങ്ങൾ അടങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും അധികൃതർ എടുത്തുമാറ്റിച്ചു. പ്രദർശനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാജസ്ഥാൻ സർക്കാർ നിയന്ത്രണത്തിലുള്ള ബിക്കാനർ ഹൗസ് മാനേജ്മെന്റിന്റെ ഇടപെടൽ.
105 ചിത്രങ്ങളാണ് പ്രദർശനത്തിനായി വെച്ചിരുന്നതെങ്കിലും, 75 എണ്ണവും നീക്കം ചെയ്യണമെന്നോ അല്ലെങ്കിൽ പ്രദർശനം തന്നെ റദ്ദാക്കുമെന്ന ഉള്ള അന്ത്യശാസനമാണ് അധികൃതർ നൽകിയതെന്ന് റൈഹാൻ വദ്ര എൻ.ഡി.ടി.വിയോട് പറഞ്ഞു. ‘ചുറ്റും നടക്കുന്ന ജനകീയ മുന്നേറ്റങ്ങളെയും പ്രതിഷേധങ്ങളെയും കലാപരമായി പകർത്തുക മാത്രമാണ് ചെയ്തത്. എന്നാൽ ഇതിലെ ഉള്ളടക്കം ‘വിവാദപരവും’ ‘അപകടകരവുമാണ്’ എന്നാണ് അധികൃതർ കരുതുന്നത്’ - റൈഹാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ബുധനാഴ്ച വൈകുന്നേരം പ്രദർശനം തുറക്കാനിരിക്കെ, ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് ഡെപ്യൂട്ടി റസിഡന്റ് കമീഷണർ മനോജ് സിങ് ഒപ്പിട്ട രേഖാമൂലമുള്ള നോട്ടീസ് ലഭിച്ചത്. വെന്യൂവിന്റെ ബുക്കിങ് പോളിസി ലംഘിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്. ഇതിനുപുറമെ, പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണർ രോഹിത് കുമാർ നേരിട്ട് വിളിച്ച് ചിത്രങ്ങളുടെ ‘സമയവും പശ്ചാത്തലവും ശരിയല്ലെന്നും’ ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് റൈഹാൻ വെളിപ്പെടുത്തി.
ദേശീയ പതാക ഉൾപ്പെട്ട രണ്ട് ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യത്തെ റൈഹാൻ ആദ്യം എതിർത്തിരുന്നെങ്കിലും, അദ്ദേഹം സ്ഥലത്തില്ലാതിരുന്ന സമയം ജീവനക്കാർ അതിലൊന്ന് ബലമായി എടുത്തുമാറ്റുകയായിരുന്നു. ആകെ 74 ചിത്രങ്ങളാണ് പ്രദർശനത്തിൽനിന്ന് ഒഴിവാക്കേണ്ടിവന്നത്.
സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. രാജ്യത്ത് യുവത്വത്തിന്റെ ശബ്ദം ബോധപൂർവം അടിച്ചമർത്തുകയാണെന്നും ജാതി-രാഷ്ട്രീയ ഭേദമന്യേ ഏത് കലാകാരനും നേരിടേണ്ടിവരുന്ന ഭീകരമായ അവസ്ഥയാണിതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
‘ദേശീയ പതാക പോലും സെൻസറിങ്ങിന് ഇരയാകുന്ന അവസ്ഥയാണെങ്കിൽ പ്രശ്നം കലയിലല്ല, മറിച്ച് ഈ ഭരണകൂടത്തിലാണ്’-കോൺഗ്രസ് എം.പിയും വക്താവുമായ പവൻ ഖേര എക്സിൽ കുറിച്ചു. ആശയങ്ങളെയും ജനകീയ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളെയും ഭരണകൂടം ഇത്രയേറെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദത്തോട് ബിക്കാനർ ഹൗസ് അധികൃതരോ രാജസ്ഥാൻ സർവ്വകലാശാല, സർക്കാർ സംവിധാനങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കുമെന്ന ഭയത്താലാണ് ചിത്രങ്ങൾ ഒഴിവാപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഒഴിവാക്കപ്പെട്ട ചിത്രങ്ങൾ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും റൈഹാൻ വദ്ര വ്യക്തമാക്കി. ബിക്കാനർ ഹൗസിലെ സെന്റർ ഫോർ കണ്ടമ്പററി ആർട്ടിൽ ഒക്ടോബർ 25 വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.