'നഖം പറിച്ചെടുത്തു, കാലിൽ ആണി തറച്ചു, ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്ക്'; ഉത്തരാഖണ്ഡിലെ ദലിത് കൗമാരക്കാരന്റെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ദലിത് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൃഗീയമായി പീഡിപ്പിച്ചാണ് 18 വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പിതാവ് ആരോപിച്ചു.

ദലിത് സമുദായത്തിൽ നിന്നുള്ള 18 വയസ്സുകാരൻ ആറുമാസത്തോളമായി ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച രാത്രി, പെൺകുട്ടി ഫോണിൽ വിളിച്ച് കൊല്ലപ്പെട്ട ആൺകുട്ടിയോട് പ്രതാപ്ഗഡ് ബ്ലോക്കിലെ ഖോൽഗഡിലുള്ള ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇര സുഹൃത്തിനൊപ്പം അവിടെ എത്തിയ ശേഷം, പെൺകുട്ടിയുടെ കുടുംബം ഇരുവരെയും ഒരു മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിക്ക് മൃഗീയമായ മർദനമേറ്റിരുന്നതായി കുടുംബം ആരോപിച്ചു.

ഇരയുടെ കൈകാൽ വിരലുകളിലെ നഖങ്ങൾ പ്ലയർ ഉപയോഗിച്ച് പറിച്ചെടുത്ത നിലയിലായിരുന്നു. കാലുകളിൽ ആണികൾ തറച്ചു. ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കുമുണ്ട്. ശരീരത്തിൽ പുറം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇരയെയും സുഹൃത്തിനെയും വടികൊണ്ട് ആക്രമിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ടെന്ന് കുടുംബം ആരോപിച്ചു.

സംഭവം തെഹ്രി-ഗർവാളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇരയുടെ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.അക്രമികളെയെല്ലാം അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം അന്ത്യകർമങ്ങൾക്ക് സ്വീകരിക്കില്ലെന്നും കുടുംബം അറിയിച്ചു.

"എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുന്നതുവരെ ഞാൻ മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോകില്ല, നാല് ദിവസമോ പത്ത് ദിവസമോ എടുത്താലും," കുട്ടിയുടെ പിതാവ് ധൻപാൽ ലാൽ പറഞ്ഞു. "ഞാൻ ഒരു ദരിദ്രനാണ്. വർഷങ്ങളോളം കോടതികളിൽ ചുറ്റിനടക്കാൻ എനിക്ക് പണമില്ല. ഇവിടെ നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനുശേഷം മാത്രമേ എന്റെ മകന്റെ മൃതദേഹം ഞാൻ കൊണ്ടുപോകൂ."

കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് തെഹ്രി സീനിയർ പോലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു.

Tags:    
News Summary - ‘Nails pulled out, genitals wounded’: 5 shocking details in Dalit teen's murder in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.