മ്യാൻമാർ അഭയാർഥികൾ കുടുംബാംഗങ്ങളെപ്പോലെ; തിരിച്ചയക്കാനാകില്ല, ബി.ജെ.പി സഖ്യകക്ഷി എം.പി

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്ന മ്യാൻമാർ അഭയാർഥികളെ നാടുകടത്തരുതെന്ന് മിസോ നാഷണൽ ഫ്രണ്ട്​ (എം‌.എൻ.‌എഫ്) എം.പി വാൻലൽവേന. ബിജെപിയുടെ സഖ്യകക്ഷികൂടിയായ മിസോ നാഷണൽ ഫ്രണ്ട്​ എം.പിയാണ്​ കേന്ദ്ര സർക്കാരിനോട്​​ ആവശ്യം ഉന്നയിച്ചത്​. മ്യാൻമറീസ് അഭയാർഥികളെ തിരിച്ചയക്കുന്നത് മിസോറാമിലെ ജനങ്ങളുടെ വികാരങ്ങൾക്ക്​ വിരുദ്ധമാണെന്ന്​ അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ സർക്കാർ അവർക്ക് മുഴുവൻ സമയ പൗരത്വമോ ജോലിയോ നൽകണമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. രാജ്യം സാധാരണ നിലയിലാകുന്നതുവരെ അഭയാർഥികളെ ഇവിടെ തുടരാൻ കേന്ദ്രം അനുവദിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്'- രാജ്യസഭാ എം.പി കെ. വാൻലൽ‌വേന ബുധനാഴ്ച പറഞ്ഞു.


മിസോറാം മ്യാൻമാറുമായി 510 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്​. കഴിഞ്ഞ മാസം നടന്ന സൈനിക അട്ടിമറിയെത്തുടർന്നാണ്​ മ്യാർമാറിൽ നിന്ന്​ അഭയാർഥികൾ ഇന്ത്യയിലേക്ക്​ വരാൻ തുടങ്ങിയത്​. മുന്നൂറോളം അഭയാർഥികൾ അതിർത്തികടന്നുവന്നതായി വാൻലൽ‌വേന ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. '300ഓളം മ്യാൻമാർ പൗരന്മാർ അതിർത്തി കടന്നിട്ടുണ്ട്. ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ അനുകൂലിച്ച 150 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവരിലുണ്ട്​'-എംപി പാർലമെന്‍റിൽ പറഞ്ഞു. 'എൻ‌ജി‌ഒകൾ ഉൾപ്പെടെ നിരവധി ആളുകൾ അഭയാർഥികളെ സഹായിക്കാനും അവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കാനും വരുന്നുണ്ട്​. അഭയാർഥികളിൽ ചെറിയ കുട്ടികളും സ്ത്രീകളുമുണ്ട്. അവരെ തിരിച്ചയക്കാൻ ഞങ്ങൾക്ക് ഒരു മാർഗവുമില്ല, അവർ കുടുംബമാണ്'-എം.പി പറഞ്ഞു.


മിക്ക മ്യാൻമറികളും മിസോറാമിലെ ജനങ്ങളുമായി വംശീയ ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അവർ ഞങ്ങളുടെ സഹോദരീസഹോദരന്മാരാണ്. അവർ ചിൻ വംശീയ വിഭാഗത്തിൽ പെട്ടവരാണ്. അവർ മിസോസുമായി ബന്ധപ്പെട്ടിരിക്കുന്നു. ലായ്, ടെഡിം-സോമി, ലൂസി, നാട്ടു, ഹുവാൽങ്കോ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന ഒരേ മലയോര ജനതയാണ് ഞങ്ങൾ. നമ്മളിൽ ഭൂരിഭാഗവും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒരേ മതം പിന്തുടരുന്നു. നമുക്ക് എങ്ങനെ അവരെ തിരിച്ചയക്കാൻ കഴിയും'-വാൻലൽ‌വേന വികാരാധീനനായി ചോദിച്ചു. അഭയാർഥികളെ നാടുകടത്തണമെന്നാണ്​ കേന്ദ്ര സർക്കാർ നിലപാട്​. ഇതുസംബന്ധിച്ച്​ ആഭ്യന്തര മന്ത്രാലയം അതിർത്തി സംസ്ഥാനങ്ങളായ നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം എന്നിവർക്കും അസം റൈഫിൾസിനും കത്തയച്ചിട്ടുണ്ട്.


അഭയാർഥികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകുമെന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ ഉറപ്പ് നൽകിയതിനെതുടർന്നായിരുന്നു കേന്ദ്രത്തിന്‍റെ കത്ത്​. 'ഒരു വിദേശിക്കും അഭയാർഥി പദവി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും 1951ലെ ഐക്യരാഷ്ട്ര അഭയാർഥി കൺവെൻഷനിലും 1967 ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പിട്ടിട്ടില്ലെന്നുമാണ്​ കേന്ദ്രത്തിന്‍റെ വാദം. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിക്കുമെന്ന് വാൻലാൽവേന പറഞ്ഞു. 'ഞാൻ അമിത്​ഷായെ കാണാൻ ശ്രമിച്ചിരുന്നു. പക്ഷേ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കാരണം അദ്ദേഹത്തെ തിരക്കിലായിരുന്നു'- എംപി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.