മുംബൈ: രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലൈംഗിക കെണിയിൽ കുടുക്കി വിലപേശുന്ന സംഘം പിടിയിൽ. രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങങ്ങളിൽ നിന്നുള്ള ഒാരോരുത്തരെ വീതം മുംബൈ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലടക്കം വ്യാജ അക്കൗണ്ടുകൾ തുടങ്ങിയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇത്തരം 171 വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സംഘത്തിനുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥാപിക്കലാണ് ആദ്യഘട്ടം. സ്ത്രീയാണെന്ന വ്യാജേനയാണ് ഇങ്ങനെ സൗഹൃദം സ്ഥാപിക്കുന്നത്.
ശേഷം വിഡിയോ കാൾ ചെയ്ത് അശ്ലീല സംഭാഷണങ്ങൾ നടത്തും. നേരത്തെ തയാറാക്കി വെച്ച അശ്ലീല വിഡിയോയാണ് സംഘം വിഡിയോ കാളുകൾക്ക് ഉപയോഗിച്ചിരുന്നത്. അശ്ലീല വിഡിയോ കാണുന്ന പ്രമുഖന്‍റെ ഭാവങ്ങളടക്കം സംഘം റെക്കോഡ് ചെയ്ത ശേഷമാണ് പിന്നീട് വിലപേശൽ നടത്തുന്നത്.
ആദ്യഘട്ടത്തിൽ 2000 മുതൽ 5000 രൂപ വരെയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. മാനക്കേട് ഭയന്ന് എല്ലാവരും ഈ തുക നൽകി ഭീഷണി അവസാനിപ്പിക്കുകയായിരുന്നുവെന്ന് ക്രൈബ്രാഞ്ച് പറയുന്നു. ആവശ്യപ്പെടുന്ന തുക പിന്നീട് സംഘം ഉയർത്തുകയായിരുന്നു. ലക്ഷങ്ങൾ ഇങ്ങനെ ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് സംഘത്തെ കുറിച്ച് പരാതി ലഭിക്കുന്നതും അന്വേഷണം നടത്തുന്നതും.
നിരവധി പ്രമുഖർ ഇതിനകം സംഘത്തിന്‍റെ തട്ടിപ്പിനിരയായിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിലുൾപ്പെട്ടിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.