ലക്ഷദ്വീപിലെ പ്രതിസന്ധികൾക്ക് ഉത്തരവാദി ഫൈസൽ എം.പി; ദ്വീപുകാർ ഇനിയും സഹിക്കണോ എന്ന് ഐഷ സുൽത്താന

കൊച്ചി: ലക്ഷദ്വീപിലെ പ്രതിസന്ധികൾക്ക് അഡ്മിനിസ്ട്രേറ്റർ പ്രഫുൽഖോഡ പട്ടേൽ മാത്രമാണ് ഉത്തരവാദിയെന്ന സിറ്റിങ് എം.പി മുഹമ്മദ് ഫൈസലിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സിനിമ സംവിധായക ഐഷ സുൽത്താന. ദ്വീപിന്‍റെ പ്രതിസന്ധികൾക്ക് ഉത്തരവാദി ഫൈസൽ ആണെന്ന് ഐഷ പ്രതികരിച്ചു.

എല്ലാ പ്രശ്നങ്ങളും പ്രഫുൽഖോഡ പട്ടേലിന്‍റെ മുകളിലിട്ട് ഒഴിഞ്ഞു പോവുകയാണ് എം.പി ചെയ്തത്. ഇത് ഒരു എം.പിക്ക് ചേരുന്ന കാര്യമല്ല. മാലി മോഡൽ ടൂറിസം കൊണ്ടുവരാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് ലക്ഷദ്വീപിൽ നിന്ന് പെർമിറ്റ് എടുത്തുകളയണമെന്ന് എം.പി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. ദ്വീപിൽ പ്രഫുൽഖോഡ പട്ടേലും മാലി മോഡൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പെർമിറ്റ് എടുത്തുകളഞ്ഞ് കോർപറേറ്റ് കമ്പനിക്ക് വിൽക്കാനാണ് അഡ്മിസ്ട്രേറ്ററിന്‍റെ നീക്കമെന്നും ഐഷ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് എം.പി. ബി.ജെ.പിയെ പുകഴ്ത്തുകയും കോൺഗ്രസിനെക്കാൾ നല്ലത് ബി.ജെ.പിയാണെന്ന് തുറന്നു പറഞ്ഞ വ്യക്തിയുമാണ് അദ്ദേഹം. ലക്ഷദ്വീപിനെ വഞ്ചിച്ച ഒരേയൊരു വ്യക്തി എം.പിയാണ്. എം.പിയുടെ നിലപാടിനെയാണ് വിമർശിക്കുന്നത്. എൻ.സി.പിക്ക് താൻ എതിരല്ലെന്നും അത് തന്‍റെ വാപ്പയുടെ പാർട്ടിയാണെന്നും ഐഷ വ്യക്തമാക്കി.

ദ്വീപ് നിവാസികൾക്ക് യാത്ര ചെയ്യാൻ കപ്പലില്ല. വെള്ളത്തിന് പോലും റേഷനാണ്. ജനങ്ങൾ വളരെ ബുദ്ധിമുട്ടുകയാണ്. ഫൈസലിനെ പോലെ ഒരാളെ ലക്ഷദ്വീപുകാർ ഇനിയും സഹിക്കണോ എന്നും വിശ്വസിക്കണോ എന്നും ഐഷ സുൽത്താന ചോദിച്ചു.

ലക്ഷദ്വീപിലെ കപ്പൽ യാത്ര പ്രതിസന്ധി മുതൽ ടൂറിസത്തിന് വേണ്ടി മദ്യ നിരോധനം എടുത്തു കളഞ്ഞത് വരെയുള്ള പ്രശ്നങ്ങൾക്ക് ഉത്തരവാദി അഡ്മിസ്ട്രേറ്റർ മാത്രമാണെന്ന വാദമാണ് മുഹമ്മദ് ഫൈസൽ എം.പി ഉന്നയിച്ചത്. 

Tags:    
News Summary - Mohammed Faisal MP responsible for the crises in Lakshadweep -Aisha Sultana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.