പ്രധാനമന്ത്രി നരേന്ദ്ര മോദി
മഹാരാഷ്ട്ര നാസികിലെ
ശ്രീ കാലാറാം േക്ഷത്ര
ദർശനം നടത്തുന്നു
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ നായകവേഷം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ ഉപവാസം സ്വയം പ്രഖ്യാപിച്ചു. പ്രമുഖരായ നാല് ഹിന്ദു മഠാധിപതികൾ പ്രതിഷ്ഠ ചടങ്ങിൽ ആചാരലംഘനം ആരോപിച്ചതിനു പിന്നാലെയാണിത്.
ബി.ജെ.പിയും സംഘ്പരിവാറും ചേർന്ന് പണിതീരാത്ത ക്ഷേത്രത്തിൽ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാൽ വിട്ടുനിൽക്കാനാണ് ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള ചടങ്ങുകളാണെന്ന അഭിപ്രായവും മഠാധിപതിമാർക്കുണ്ട്. പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിനൊപ്പമാണ് ഹൈന്ദവ ആത്മീയാചാര്യന്മാരുടെ വിട്ടുനിൽക്കൽ.
പ്രതിഷ്ഠ ചടങ്ങിലേക്ക് ഒരുങ്ങുന്നതിന് 11 ദിവസത്തെ ആചാരാനുഷ്ഠാനങ്ങളിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ച് വെള്ളിയാഴ്ച പ്രത്യേക ശബ്ദസന്ദേശം മോദി പുറത്തിറക്കി. മഹാരാഷ്ട്ര സന്ദർശന പരിപാടിയുടെ ഭാഗമായി നാസികിൽ ശ്രീരാമൻ ദീർഘകാലം ചെലവിട്ടുവെന്ന് വിശ്വസിച്ചുപോരുന്ന പഞ്ചവടി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയാണ് വ്രതാനുഷ്ഠാനം തുടങ്ങിയത്. രാജ്യമാകെ ക്ഷേത്രപരിസരങ്ങൾ വൃത്തിയാക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മോദി അവിടം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തിറക്കി.
ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള ഉപകരണമാക്കി ദൈവം തന്നെ മാറ്റിയിരിക്കുന്നുവെന്നാണ് ഓഡിയോ സന്ദേശത്തിൽ മോദി വിവരിച്ചത്. യാഗത്തിനും ദൈവാരാധനക്കും വേണ്ടി സ്വയം ദൈവികബോധം ഉണർത്താൻ വിശുദ്ധ ഗ്രന്ഥങ്ങൾ വ്രതാനുഷ്ഠാനങ്ങളും കർശന നിയമങ്ങളും നിർദേശിച്ചിട്ടുണ്ട്. അത് പ്രതിഷ്ഠക്കു മുമ്പ് പാലിക്കേണ്ടതുണ്ട്. ചില പുണ്യാത്മാക്കളിൽനിന്നും ആത്മീയയാത്രയിലെ മഹാരഥന്മാരിൽ നിന്നും തനിക്ക് കിട്ടിയ മാർഗനിർദേശപ്രകാരമാണ് അനുഷ്ഠാനങ്ങൾ തുടങ്ങുന്നതെന്നും മോദി വിശദീകരിച്ചു.
ഇത് വലിയൊരു ഉത്തരവാദിത്തമാണ്. അത്രമേൽ വികാരനിർഭരമായ അനുഭവങ്ങളിലൂടെ ആദ്യമായാണ് താൻ കടന്നുപോകുന്നത്. ദീർഘകാല ദൃഢനിശ്ചയം പോലെ പല തലമുറകൾ താലോലിച്ച സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന സമയമാണ്. രാമക്ഷേത്ര ലക്ഷ്യത്തിന് ജീവിതം സമർപ്പിച്ച എണ്ണമറ്റ വ്യക്തികളുടെ പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.