ബംഗളൂരു: ദലിതുകളെയും ന്യൂനപക്ഷങ്ങളെയും മർദിക്കാനും കൊല്ലാനും ബി.ജെ.പിക്കാർക്ക് അനുവാദം നൽകുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് എ.െഎ.സി.സി ൈവസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. ബംഗളൂരുവിൽ സംഘടിപ്പിച്ച പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ചും ദോക്ലാമിലെ സൈനിക വിന്യാസത്തെ കുറിച്ചും വാതോരാതെ സംസാരിച്ച മോദി, ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് മിണ്ടാത്തതെന്താെണന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ടവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ആരോഗ്യബജറ്റ് വെട്ടിക്കുറച്ചാൽ ആശുപത്രികളിൽ ഒാക്സിജൻ സിലിണ്ടറുകൾ വാങ്ങിക്കാനാവില്ല.
ജമ്മു കശ്മീരിൽ സമാധാനം പുലർത്താൻ കോൺഗ്രസ് സർക്കാർ 10 വർഷമായി നടത്തിവന്ന ശ്രമങ്ങളെ ഒരൊറ്റ മാസംകൊണ്ട് മോദി തകർത്തുകളഞ്ഞു. ജമ്മു കശ്മീരിൽ സമാധാനമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അത് പുലർന്നാൽ പാകിസ്താന് അവിടെയൊന്നും ചെയ്യാനാവില്ല. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പാകിസ്താനെയും ചൈനയെയും അയൽരാജ്യങ്ങൾ ഇന്ത്യക്കുവേണ്ടി അകറ്റിനിർത്തിയിരുന്നു. ഇൗ രാജ്യങ്ങളിൽ ഒാരോരുത്തരെയായി മോദി സർക്കാർ പിണക്കുകയാണ്. ചരിത്രത്തിലാദ്യമായി റഷ്യ, പാകിസ്താന് ആയുധം കൈമാറിയത് ഇതിെൻറ ഭാഗമായാണ്. താൻ എന്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന് മോദി തെളിയിച്ചുതുടങ്ങിയതായും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ബംഗളൂരുവിൽ 101 ഇന്ദിര കാൻറീനുകൾ തുറന്നു
ബംഗളൂരു: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണവുമായി ബംഗളൂരു നഗരത്തിൽ 101 ഇന്ദിര കാൻറീനുകൾ തുറന്നു. കോൺഗ്രസ് സർക്കാറിെൻറ സ്വപ്ന പദ്ധതി ജയനഗറിൽ ബുധനാഴ്ച ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.അഞ്ചുരൂപക്ക് പ്രഭാത ഭക്ഷണവും പത്തു രൂപക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കാൻറീനിൽ ലഭിക്കും. ബാക്കിയുള്ള 97 വാർഡുകളിലെ കാൻറീനുകൾ ഒക്ടോബർ രണ്ടിന് തുറക്കും. ബംഗളൂരു കോർപറേഷനിലെ 198 വാർഡിലും തമിഴ്നാട്ടിലെ അമ്മ കാൻറീൻ മാതൃകയിൽ ഇന്ദിര കാൻറീനുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
ആദ്യമെത്തി കൂപ്പണെടുക്കുന്ന 250 പേർക്കാണ് കാൻറീനിൽ ഒരു സമയം ഭക്ഷണം വിതരണം ചെയ്യുക. നഗരത്തിലെ 27 വാർഡുകളിലാണ് അടുക്കള സൗകര്യത്തോടെയുള്ള കാൻറീനുകളുള്ളത്. ഇവിടെ ഭക്ഷണം പാകം ചെയ്ത് മറ്റിടങ്ങളിലെത്തിക്കും.ആദ്യദിനം ഭക്ഷണം സൗജന്യമായിരുന്നു. കന്നട വിഭവങ്ങളാണ് കാൻറീനിൽ ലഭിക്കുക. മൂന്നു രൂപക്ക് ചായയും കാപ്പിയും ലഭിക്കും. മൂന്നു നേരത്തെ ഭക്ഷണത്തിന് ഒരാൾക്ക് 32 രൂപ നിരക്കിൽ സർക്കാർ സബ്സിഡി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.