നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത അയോധ്യാ ധാം റെയിൽവേസ്റ്റേഷൻ
അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത് ആഘോഷത്തിൽ മുങ്ങിയ പരിപാടികളിലേക്ക്. പഴയ നഗരത്തിന്റെ പുതിയ മുഖം മോദി ലോകത്തിനുമുന്നിൽ അനാവരണം ചെയ്തു. 15,700 കോടിയുടെ വികസന പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. പദ്ധതികൾക്കായുള്ള പൊതു തറക്കല്ലിടൽ മോദി നിർവഹിച്ചു. അയോധ്യയിലെ വികസന പദ്ധതികളിൽ വിമാനത്താവളവും പരിഷ്കരിച്ച റെയിൽവേ സ്റ്റേഷനും ഉൾപ്പെടും.
പേരുമാറ്റി അയോധ്യ ധാം ആയി മാറിയ റെയിൽവേ സ്റ്റേഷനിൽ രണ്ട് ‘അമൃത് ഭാരത്’ ട്രെയിനുകളും ആറ് ‘വന്ദേ ഭാരത്’ ട്രെയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചില ട്രെയിനുകളുടെ ഉദ്ഘാടനം ഓൺലൈനായാണ് നിർവഹിച്ചത്.നേരത്തെ ‘ഉജ്ജ്വല’ പദ്ധതി വഴി ഗ്യാസ് കണക്ഷൻ കിട്ടിയ മീര മാജി എന്ന സ്ത്രീയുടെ വീട്ടിൽ മോദിയെത്തി. അവിടെനിന്ന് ചായ കുടിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. 15,700 കോടിയുടെ പദ്ധതിയിൽ 11,100 കോടിയും നഗരവികസനത്തിനാണ്.
റോഡിനിരുവശവും കാത്തുനിന്ന ജനക്കൂട്ടത്തെ മോദി അഭിവാദ്യം ചെയ്തു. വിമാനത്താവളം മുതൽ റെയിൽവേ സ്റ്റേഷൻവരെയുള്ള സ്ഥലത്ത് പലയിടങ്ങളിലായി സജ്ജീകരിച്ച വേദികളിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാടോടി കലാരൂപങ്ങൾ അവതരിപ്പിച്ചു.
ഉദ്ഘാടനശേഷം ക്ഷേത്രമാതൃകയിൽ നിർമിച്ച റെയിൽവേ സ്റ്റേഷൻ മോദി നടന്നുകണ്ടു. യോഗി ആദിത്യനാഥും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഒപ്പമുണ്ടായിരുന്നു. 240 കോടി മുടക്കിയാണ് സ്റ്റേഷൻ നവീകരിച്ചത്.
വിമാനത്താവള ഉദ്ഘാടന വേളയിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സഹമന്ത്രി വി.കെ. സിങ് തുടങ്ങിയവരും ഉണ്ടായിരുന്നു. വിമാനത്താവളവും ക്ഷേത്രമാതൃകയിലാണ്. ഉൾചുമരുകളിൽ രാമന്റെ ജീവിതം പ്രതിപാദിക്കുന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. വർഷത്തിൽ 10 ലക്ഷം യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന വിധം സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തുന്നത്. വിമാനത്താവളത്തിനായി വകയിരുത്തിയത് 1,450 കോടിയാണ്.
സുൽത്താൻപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോധ്യ സന്ദർശനത്തിന് മുന്നോടിയായി കശ്മീരികളായ നാല് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ സുൽത്താൻപുരിലാണ് സുരക്ഷ സംബന്ധിയായ തെരച്ചിലിനിടെ, ഒരു സ്ത്രീ ഉൾപ്പെടെയുള്ള സംഘത്തെ ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് പേരും പൂഞ്ച് സ്വദേശികളാണ്. മദ്റസ ജീവനക്കാരായ ഇവർ സംഭാവന പിരിക്കാൻ എത്തിയതാണെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയക്കുമെന്നും കൂട്ടിച്ചേർത്തു.
അയോധ്യ: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ പുഷ്പവൃഷ്ടി നടത്തി ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരനായ ഇഖ്ബാൽ അൻസാരി. മോദിയുടെ റോഡ്ഷോ പാഞ്ചി തോല ഏരിയയിലൂടെ കടന്നുപോയപ്പോഴാണ് റോസാ പുഷ്പങ്ങൾ അർപ്പിച്ചത്. ‘‘മോദി ഞങ്ങളുടെ നാട്ടിലെത്തി, അദ്ദേഹം ഞങ്ങളുടെ അതിഥിയാണ്. നമ്മുടെ പ്രധാനമന്ത്രിയാണ്. വീടിന് മുന്നിലൂടെ കടന്നുപോയ അദ്ദേഹത്തിനുമേൽ ഞാൻ പുഷ്പങ്ങളർപ്പിച്ചു. എന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു’’ - അൻസാരി പറഞ്ഞു. ഇഖ്ബാൽ അൻസാരിയുടെ പിതാവ് ഹാഷിം അൻസാരിയാണ് ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരൻ. 2016ൽ അദ്ദേഹത്തിന്റെ മരണശേഷം ഇഖ്ബാൽ അൻസാരിയാണ് കേസുമായി മുന്നോട്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.