എം.കെ. സ്റ്റാലിൻ
'ഗ്യാനേഷ് കുമാറിന് തുടരാൻ അവകാശമില്ല, ഉടൻ പടിയിറങ്ങണം!' തെരഞ്ഞെടുപ്പ് കമീഷനെതിരെ പൊട്ടിത്തെറിച്ച് സ്റ്റാലിൻ
ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് ഉടനടി നീക്കണമെന്നും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) അടിയന്തരമായി നിർത്തിവെക്കണമെന്നും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുന്ന അന്വേഷണാത്മക മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സ്റ്റാലിന്റെ രൂക്ഷ പ്രതികരണം.
'ഗ്യാനേഷ് കുമാറിന് ഈ പദവിയിൽ തുടരാൻ ഇനി യാതൊരു അർഹതയുമില്ല. അദ്ദേഹം ഉടൻ സ്ഥാനമൊഴിയണം. വിവാദമായ എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണം,' സ്റ്റാലിൻ 'എക്സി'ൽ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ നടക്കുന്ന അനഭിലഷണീയമായ കാര്യങ്ങളെക്കുറിച്ച് നീതിയുക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നും ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് സംസ്ഥാനങ്ങളിൽ തിരക്കിട്ട് നടത്തുന്ന വോട്ടർപട്ടിക പരിഷ്കരണം ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.എം.കെയും മറ്റ് പ്രതിപക്ഷ പാർട്ടികളും തുടക്കം മുതലേ ആരോപിക്കുന്നുണ്ട്. മറ്റ് രണ്ട് കമ്മീഷണർമാരുടെയും അനുമതിയില്ലാതെ ചീഫ് ഇലക്ഷൻ കമ്മീഷണർ രഹസ്യമായും ഏകപക്ഷീയമായുമാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകളിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ഐകകണ്ഠ്യേനയോ അല്ലെങ്കിൽ ഭൂരിപക്ഷാടിസ്ഥാനത്തിലോ ആകണം നടപ്പിലാക്കേണ്ടത്. എന്നാൽ ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച കടുത്ത എതിർപ്പുകൾ 14 തവണയാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ അവഗണിച്ചതെന്നും ഇത് കമ്മീഷന്റെ വിശ്വാസ്യതയെ പൂർണമായും തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷനിലെ മൂന്നിൽ രണ്ട് അംഗങ്ങളെയും ഇരുട്ടിൽ നിർത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് എന്ത് നിയമസാധുതയാണുള്ളതെന്ന് ഡി.എം.കെ അധ്യക്ഷൻ ചോദിച്ചു. വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ കോടതികൾ ഉത്തരവിട്ടിട്ടും അതിനെതിരെ അപ്പീൽ പോകാൻ ആരാണ് അനുമതി നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഡിജിറ്റൽ വോട്ടർ പട്ടികാ മാനേജ്‌മെന്റ് സംവിധാനത്തിലെ സോഫ്റ്റ്‌വെയർ നിയന്ത്രണങ്ങൾ കാരണം അർഹരായ വോട്ടർമാരെ ചേർക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പോലും സാധിക്കുന്നില്ലെന്ന ഗുരുതരമായ ആക്ഷേപവും സ്റ്റാലിൻ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.