'ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ദിമാഗി നക്സലുകൾ'; ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രതിപക്ഷത്തിന്റെ 'ദിമാഗി നക്സൽ' സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം, മറ്റ് കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെ യാതൊരു തീരുമാനവുമെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.

പത്രവാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു."തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കൂട്ടായ്മയാണ്. ഏത് തീരുമാനവും കമ്മീഷണർമാരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരമേ എടുക്കാനാകൂ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കോ മറ്റ് കമ്മീഷണർമാർക്കോ ന്യൂനപക്ഷമായിരിക്കെ തീരുമാനങ്ങളെടുക്കാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതികളെക്കുറിച്ച് അറിവുള്ളവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ല," ശർമ്മ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നു എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. ഒരു തീരുമാനമെടുക്കുമ്പോൾ മൂന്ന് പേരുടെയും പിന്തുണ ആവശ്യമാണ്. രണ്ട് കമ്മീഷണർമാർ എതിർത്താൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനങ്ങളെടുക്കുന്നതിന് മുമ്പുള്ള കൂടിയാലോചനകളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അന്തിമ തീരുമാനം മൂന്ന് പേരും ഒപ്പുവെച്ചതിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത്തരം റിപ്പോർട്ടുകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ലക്ഷ്യം വെക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മറ്റ് കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെ അദ്ദേഹത്തിന് തീരുമാനമെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പ്രതിപക്ഷത്തിന്റെ നിരാശയും 'ദിമാഗി നക്സൽ' സ്വഭാവവുമാണ് ഇതിലൂടെ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല," ശർമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയെങ്കിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.

Tags:    
News Summary - 'ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ദിമാഗി നക്സലുകൾ'; ഹിമന്ത ബിശ്വ ശർമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.