'ഏകാധിപത്യരീതിയിലേക്ക് മാറ്റാൻ ശ്രമം'; ഗ്യാനേഷ് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് നീക്കം; അറ്റോർണി ജനറലിന്റെ അനുമതി തേടി അഭിഭാഷകൻ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിന് അറ്റോർണി ജനറലിന്റെ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളും കൂട്ടായ്മയിലുണ്ടായ തകർച്ചയും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നിർണായക നീക്കം.

സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നതിന് മുമ്പ് ഭരണഘടനാ പദവിയുള്ള അറ്റോർണി ജനറലിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ആഴത്തിലുള്ള ഘടനാപരമായ വീഴ്ചകളും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ആവർത്തിച്ചുള്ള എതിർപ്പുകളും ചൂണ്ടിക്കാണിച്ചാണ് ഈ ഹർജി നൽകിയിരിക്കുന്നത്.

മറ്റ് കമ്മീഷണർമാരെ അറിയിക്കാതെ 'മുൻനിര കമ്മീഷൻ' എന്ന പേരിൽ രഹസ്യമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെ നഗ്നമായ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രവും ഭരണഘടനാപരവുമായ ഒരു സമിതിയെ ഏകാധിപത്യരീതിയിലേക്ക് മാറ്റാനാണ് ശ്രമമെന്നും, ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ പത്ത് മാസത്തിനിടെ മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവർ 14 തവണയോളം രേഖാമൂലം എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നു. വോട്ടർ പട്ടിക സോഫ്റ്റ്‌വെയറിലെ മാറ്റങ്ങൾ, ഫോം 6-ലെ ഭേദഗതികൾ, പശ്ചിമ ബംഗാൾ അപ്പീലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവയെല്ലാം മറ്റ് കമ്മീഷണർമാരുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് എടുത്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം എതിർപ്പുകൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നു എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് പ്രതികരിച്ചത്.

Tags:    
News Summary - 'ഏകാധിപത്യരീതിയിലേക്ക് മാറ്റാൻ ശ്രമം'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് നീക്കം; അറ്റോർണി ജനറലിന്റെ അനുമതി തേടി അഭിഭാഷകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.