‘വോട്ടർപട്ടിക അട്ടിമറിച്ചു...’; ഗ്യാനേഷ് കുമാറിനെതിരെ പൊലീസിൽ പരാതി നൽകി മഹുവ മൊയ്ത്ര

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

വോട്ടർ പട്ടിക പരിപാലിക്കാൻ ചുമതലയുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ മറികടന്നാണ് കുമാറും തെരഞ്ഞെടുപ്പ് കമീഷന്റെ ഐ.ടി സംവിധാനവും അട്ടിമറി നടത്തിയതെന്ന് മഹുവ കുറ്റപ്പെടുത്തി. 10 മാസത്തിനിടയിൽ 14 തവണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ വഴിവിട്ട നടപടികൾ ചോദ്യംചെയ്തതായ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് മഹുവ പരാതി നൽകിയത്.

‘ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ ‘ചോർ’ (കള്ളൻ) ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കുറ്റകൃത്യം നടത്തിയതിന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്താണ് ആ ക്രിമിനൽ കുറ്റം? അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരാണ് തെരഞ്ഞെടുപ്പ് കമീഷനിലുള്ളത്. ഭൂരിപക്ഷ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടത്. എന്നാൽ കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയും, ചിലപ്പോൾ ഒരg ദിവസം തന്നെ നാല് തവണയും, ഗ്യാനേഷ് കുമാറിന്റെ നടപടികളോട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണ റിപ്പോർട്ടിലൂടെ ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്’ -മഹുവ മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ നിയമസഭാ മണ്ഡലത്തിലും എല്ലാ പോളിങ് ബൂത്തുകളിലും പ്രാദേശിക ഉദ്യോഗസ്ഥരായ ഇ.ആർ.ഒ, ബി.എൽ.ഒ എന്നിവരാണ് വോട്ടർ പട്ടികയുടെ ചുമതല വഹിക്കുന്നത്. എന്നാൽ സീമ ഖന്നയും ഗ്യാനേഷ് കുമാറും കമീഷൻ സോഫ്റ്റ്‌വെയർ നിയമവിരുദ്ധമായും ക്രിമിനൽ സ്വഭാവത്തോടെയും ഉപയോഗിച്ച് വോട്ടർ പട്ടിക അട്ടിമറിച്ചെന്നും മഹുവ ആരോപിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം ആറിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റങ്ങൾ വരുത്തിയെന്നും മഹുവ പറയുന്നു.

ബി.ജെ.പിയും ആർ.എസ്.എസും തെരഞ്ഞെടുപ്പ് കമീഷനും ചേർന്ന് ‘വോട്ട് ചോരി’ എന്ന പേരിൽ രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഗ്യാനേഷ് കുമാർ ഏറ്റവും വലിയ രാജ്യദ്രോഹിയാണെന്നും 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നും കോക്രോച്ച് ജനത പാർട്ടി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം സി.ജെ.പി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് അഭിജീത് ദിപ്കെ മുന്നറിയിപ്പു നൽകി. ‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറാണ് ഏറ്റവും വലിയ ദേശവിരുദ്ധൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ അദ്ദേഹം രാജിവെക്കണം. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ കോക്രോച്ച് ജനത പാർട്ടി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. അദ്ദേഹം രാജിവെക്കുന്നതുവരെ പിന്നോട്ടില്ലെന്നും ദിപ്കെ പറഞ്ഞു.

Tags:    
News Summary - Mahua Moitra files police complaint against Gyanesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.