എം.കെ. സ്റ്റാലിൻ
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ, കോൺഗ്രസിനെ തള്ളി സ്റ്റാലിൻ
ചെന്നൈ: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനക്കും (എസ്.ഐ.ആർ) മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ. എന്നാൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസുമായി സഹകരിക്കില്ലെന്ന് മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ചെന്നൈയിൽ ചേർന്ന ഡി.എം.കെ എംപിമാരുടെ യോഗത്തിൽ എസ്.ഐ.ആറിനെതിരായ പ്രതിഷേധം ശക്തമാക്കാനും സി.ജെ.പി പ്രക്ഷോഭവുമായി ചേർന്ന് പ്രവർത്തിക്കാനും പാർട്ടി തീരുമാനിച്ചു.
എസ്.ഐ.ആർ നടപടി റദ്ദാക്കണമെന്നും ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും ഡി.എം.കെ ആവശ്യപ്പെടും. എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്ന വിമർശനവും പാർട്ടി ഉയർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ഡി.എം.കെ രാഷ്ട്രപതിക്ക് ഔദ്യോഗിക നിവേദനം സമർപ്പിക്കും. യോഗത്തിൽ ഈ വിഷയത്തെ കുറിച്ച് തുടർനടപടികൾ ചർച്ച ചെയ്യും.
എസ്.ഐ.ആറിനെതിരായ സമരത്തിലെ പ്രക്ഷോഭകരെ തടങ്കലിലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാലിൻ ശക്തമായി രംഗത്തെത്തിയിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും ഇത്തരം അറസ്റ്റുകൾ പ്രക്ഷോഭത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ആറിനെതിരായ പോരാട്ടത്തിൽ സി.ജെ.പിക്ക് നിയമസഹായം നൽകുമെന്നും ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടി.വി.കെയും ഡി.എം.കെയും തമ്മിൽ എസ്.ഐ.ആർ വിഷയത്തിൽ പരസ്പരം രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്. മണ്ഡല പുനർനിർണയവും വനിതാ സംവരണ ബില്ലുകളും വീണ്ടും പരിഗണിക്കാൻ കേന്ദ്രസർക്കാർ ഈ മാസം അവസാനം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഡി.എം.കെയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ. നേരത്തേ പാർലമെന്റിൽ പാസാകാതിരുന്ന ബില്ലുകളാണ് വീണ്ടും ചർച്ചയിലേക്ക് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.