'ഞങ്ങൾ ഇനി ഒരു സർക്കാറിനേയ​ും വിശ്വസിക്കില്ല'; ഡൽഹിയിൽ നിന്ന്​ പലായനം ചെയ്ത്​ അന്തർ സംസ്ഥാന തൊഴിലാളികൾ

ന്യൂഡൽഹി: കോവിഡ്​ അതിരൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഡൽഹിയിൽ ഒരാഴ്ച​ത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹി വിട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്​ മടങ്ങി​.

തിങ്കളാഴ്ച രാത്രി പത്ത്​ മണി മുതൽ ഏപ്രിൽ 26ന്​ വൈകുന്നേരം അഞ്ച്​ മണി വരെ ലോക്​ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഡൽഹിയിലെ അനന്ത്​വിഹാർ ബസ്​ ടെർമിനൽ തൊഴിലാളികളെക്കൊണ്ട്​ നിറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന്​ ഡൽഹിയിലെത്തി തൊഴി​ലെടുത്ത്​ ജീവിതം പുലർത്തുന്നവർ കുടുംബസമേതം ബസ്​ ടെർമിനലിലേക്ക്​ ഒഴുകിയെത്തുകയായിരുന്നു. ഇതോടെ കോവിഡ്​ മാനദണ്ഡങ്ങളെല്ലാം പേരിനു മാത്രമായി. പൊലീസ്​ ഇടപെട്ടിട്ടുപോലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല.

കുറഞ്ഞ ദിവസത്തേക്ക്​ മാത്രമാണ്​ ലോക്​ഡൗൺ ഏർ​പ്പെട​ുത്തുന്നതെന്ന്​ കെജ്​രിവാൾ പറഞ്ഞിരുന്നു. തൊഴിലാളികൾ ഡൽഹി വിടേണ്ടതില്ലെന്നും ലോക്​ഡൗൺ കാലത്ത്​ അവരുടെ എല്ലാം ആവശ്യങ്ങളും സർക്കാർ നിറവേറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പ്​ നൽകിയിരുന്നെങ്കിലും തൊഴിലാളികൾ അത്​ വിശ്വാസത്തിലെടുത്തിട്ടില്ല.

''ഞാനൊരു ദിവസക്കൂലിക്കാരനാണ്​. പെയിന്‍റിങ്ങും മറ്റ്​ ചെറിയ ജോലികളുമെല്ലാമാണ്​ ചെയ്യുന്നത്​. ഇപ്പോൾ എന്‍റെ മുതലാളി എന്നോട്​ പറഞ്ഞത്​ സാഹചര്യം മെച്ചപ്പെടുന്നതുവരെ എന്നെ ജോലിക്ക്​ നിർത്താൻ സാധിക്കില്ലെന്നാണ്​. കഴിഞ്ഞ തവണത്തേതു പോലെ ലോക്​ഡൗൺ നീട്ടുമെന്ന്​ ഞങ്ങൾക്കറിയാം. എന്നാൽ ഇത്തവണ സർക്കാറിന്​ ഞങ്ങളെ മരണത്തിന്​ വിട്ടുകൊടുക്കാനായി ഡൽഹിയിൽ കാത്തു നിൽക്കുന്നില്ല. ഞങ്ങൾ ഇനി ഒരിക്കലും ഒരു സർക്കാറിനേയ​ും വിശ്വസിക്കില്ല. ഞാൻ യു.പിയിലെ ഗോണ്ടയിലേക്ക്​ കുടുംബവുമായി പോവുകയാണ്​. ഞാൻ കോവിഡിനെ ഭയക്കുന്നില്ല, ഡൽഹിയിലെ സ്ഥിതി മെച്ച​പ്പെട്ടില്ലെങ്കിൽ എന്‍റെ കുട്ടികൾ പട്ടിണി മൂലം മരിച്ചുപോകുമെന്നതിലാണ്​ ഞാൻ ഭയപ്പെടുന്നത്​. അതുകൊണ്ട്​ ഇപ്പോൾ സ്ഥലം വിടുന്നതാണ്​ നല്ലത്​.'' -നിർമാണ തൊഴിലാളിയായ രമേശ്​ കുമാർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 2,59,170 പേർക്കു കൂടിയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - Migrant workers leave Delhi after CM Kejriwal announces week-long lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.