ബീഹാറിൽ വിവാഹിതയായ യുവതിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തിയ യുവാവ് അറസ്റ്റിൽ

പട്ന: ബീഹാറിലെ സമസ്തിപൂരിൽ വിവാഹിതയായ യുവതിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തിയ സംഭവത്തിൽ 25 കാരനായ യുവാവ് അറസ്റ്റിൽ. ഖാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. ബേഗുസരായി സ്വദേശിയായ കുന്ദൻ കുമാർ ആണ് പൊലീസിന്റെ പിടിയിലായത്.

വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 38 കാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയായ കുന്ദൻ കുമാറും യുവതിയും തമ്മിൽ മുൻപേ അറിയാമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. യുവതിയെ വിവാഹം കഴിക്കാൻ കുന്ദൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവർ ഇതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇരുവരും തമ്മിൽ മുൻപ് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്.

ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവെച്ചാണ് ഈ അതിക്രമം അരങ്ങേറിയത്. ആളുകൾ ചുറ്റും കൂടിനിൽക്കുമ്പോൾ യുവതിയുടെ എതിർപ്പുകളെ വകവെക്കാതെ പ്രതി അവരുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്. അവിടെയുണ്ടായിരുന്ന ചിലർ ഇത് തടയാൻ ശ്രമിച്ചെങ്കിലും മറ്റുചിലർ നോക്കിനിൽക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമാണ് ചെയ്തത്. ഇതിനുപുറമെ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതിയും സുഹൃത്തും ചേർന്ന് ബലമായി മോട്ടോർസൈക്കിളിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് ബേഗുസരായി ജില്ലയിലെ ഖോദവന്ദ്പൂർ എന്ന സ്ഥലത്തുനിന്നും മുഖ്യപ്രതിയായ കുന്ദൻ കുമാറിനെ പൊലീസ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ഖാൻപൂർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്നും കേസിൽ മറ്റുപലരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സമസ്തിപൂർ ഡി.എസ്.പി സഞ്ജയ് കുമാർ വ്യക്തമാക്കി. കൂടാതെ ഈ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Man arrested for forcibly applying vermilion on married woman's forehead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.