മമതാ ബാനർജി സ്വേച്ഛാധിപതി; ബംഗാളിനെ നോർത്ത് കൊറിയയാക്കുന്നുവെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃണമൂൽ കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

സെക്രട്ടേറിയറ്റിനു സമീപം രണ്ടാം ഹൂഗ്ലി ബ്രിഡ്ജിൽ മാർച്ച് പൊലീസ് തടയുകയും സുവേന്ദു അധികാരി, ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ ഉൾപ്പെടെ പാർട്ടിയുടെ മറ്റ് നേതാക്കൾ എന്നി​വരെ വാനിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു.

അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ്, മുഖ്യമന്ത്രി മമതാ ബാനർജി പശ്ചിമ ബംഗാളിനെ നോർത്ത് കൊറിയയാക്കി മാറ്റുകയാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. 'മമതാ ബാനർജിക്ക് അവരുടെ പാർട്ടിയിൽ നിന്നുപോലും പിന്തുണയില്ല. അതുകൊണ്ട് നോർത്ത് കൊറിയയെ പോലെ ബംഗാളിൽ അവർ സ്വേച്ഛാധിപത്യം നടപ്പാക്കുന്നു. ഇപ്പോഴത്തെ നടപടികൾക്ക് പൊലീസ് പിഴയൊടുക്കേണ്ടിവരും. ബി.ജെ.പി വരുന്നുണ്ട്' - അധികാരി പറഞ്ഞു.

സുവേന്ദു അധികാരിയാണ് സാൻട്രഗച്ചിയിൽ നിന്ന് മാർച്ച് നയിച്ചത്. വടക്കൻ കൊൽക്കത്തയിൽ നിന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ജാഥ നയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡ് വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. അതേസമയം, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന് ബസിലും ട്രെയിനിലും കയറി മാർച്ചിനെത്താൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞുവെന്ന് ബി.ജെ.പി ആരോപിച്ചു. പ്രവർത്തകരെ ട്രെയിനിൽ കയറാൻ അനുവദിച്ചില്ല. പ്രവർത്തകരുമായി വരുന്ന ബസുകൾ വിവിധയിടങ്ങളിൽ തടയുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തുവെന്നും ബി.ജെ.പി ആരോപിച്ചു. 

Tags:    
News Summary - "Mamata Banerjee's North Korea-Like Dictatorship": Bengal BJP Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.