നന്ദിപ്രമേയ ചര്‍ച്ചയില്‍ വാക്പയറ്റ്; സര്‍ക്കാര്‍ ദേശഭക്തിക്ക് കരാര്‍  എടുത്തിട്ടുണ്ടോയെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെ ലോക്സഭയില്‍ ചൂടേറിയ വാക്പയറ്റ്. രാജ്യം ഭരിക്കുന്നവരുടെ കൂട്ടത്തില്‍ രാജ്യത്തിന്‍െറ ഐക്യത്തിനു ജീവാര്‍പ്പണം നടത്തിയ ഒന്നിനെയും ചൂണ്ടിക്കാട്ടാനില്ളെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം സര്‍ക്കാറിനെയും ബി.ജെ.പിയെയും ചൊടിപ്പിച്ചു. 

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സാമുദായിക അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തിന്‍െറ ഐക്യത്തിന് ഗാന്ധിജിയും ഇന്ദിര ഗാന്ധിയുമൊക്കെ ജീവാര്‍പ്പണം നടത്തി. ബി.ജെ.പിയുടെ കൂട്ടത്തില്‍നിന്ന് ആരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്? ഒറ്റ ജീവിയുമില്ല. സനാതനധര്‍മത്തിന്‍െറ പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി താല്‍പര്യപ്പെടുന്നത്. ജനങ്ങളെ വൈകാരികമായി ബ്ളാക്മെയില്‍ ചെയ്യാന്‍ ദൈവത്തിന്‍െറ പേരു പറയുന്നു -ഖാര്‍ഗെ ആരോപിച്ചു. ഇതോടെ ഖാര്‍ഗെക്കെതിരെ പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ രോഷത്തോടെ ചാടിയെണീറ്റു. ജനസംഘ നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യായയും രാജ്യത്തിനുവേണ്ടി മരിച്ചവരാണെന്നും ഖാര്‍ഗെ മാപ്പുപറയണമെന്നും അനന്ത്കുമാര്‍ പറഞ്ഞു. എന്നാല്‍, താന്‍ നടത്തിയത് ശൈലീപ്രയോഗമാണെന്നും മാപ്പുപറയേണ്ട കാര്യമില്ളെന്നും ഖാര്‍ഗെ വാദിച്ചു. ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച സ്പീക്കര്‍ സുമിത്ര മഹാജന്‍, പദപ്രയോഗം രേഖയില്‍നിന്ന് നീക്കുമെന്ന് ഭരണപക്ഷത്തിന് ഉറപ്പുനല്‍കി. 

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിക്കുന്നില്ളെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയും റെയില്‍വേയുമൊക്കെ പ്രശ്നത്തിലാണ്. ഗ്രാമവികസനമന്ത്രി പിച്ചപ്പാത്രവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അടുത്തേക്ക് പോകുന്നു. നിങ്ങളുടെ പ്രസംഗമൊക്കെ നല്ലതുതന്നെ. പക്ഷേ, ഗീര്‍വാണംകൊണ്ട് വയറു നിറയില്ളെന്ന് പ്രധാനമന്ത്രിയെ പേരെടുത്തുപറയാതെ ഖാര്‍ഗെ ഓര്‍മിപ്പിച്ചു. എല്ലാം രണ്ടര വര്‍ഷത്തിനിടയിലാണ് നടന്നതെന്ന മട്ടിലാണ് സര്‍ക്കാര്‍. ഹരിത-ധവള വിപ്ളവങ്ങളും രണ്ടര വര്‍ഷത്തിനിടയിലാണ് നടന്നതെന്ന് ഖാര്‍ഗെ പരിഹസിച്ചു.നോട്ട് അസാധുവാക്കിയതുവഴി 125 പേര്‍ മരിച്ചതിന് ചുരുങ്ങിയപക്ഷം മാപ്പുപറയാനെങ്കിലും പ്രധാനമന്ത്രി തയാറാകേണ്ടിയിരുന്നു.  നോട്ട് അസാധുവാക്കിയതിന്‍െറ പേരില്‍ രാജ്യത്ത് കലാപമുണ്ടാകാത്തതുകൊണ്ട് ജനം സര്‍ക്കാറിനെ പിന്തുണക്കുന്നുവെന്നല്ല അര്‍ഥം. 

നോട്ട് അസാധുവാക്കിയതിനെതിരെ സംസാരിക്കുന്നവരെ കള്ളപ്പണക്കാരുടെ പിന്തുണക്കാരായി ചിത്രീകരിക്കുകയാണ്. എല്ലാവരെയും കുറെക്കാലം പറ്റിക്കാം. ചിലരെ എല്ലാ കാലവും പറ്റിക്കാം. എല്ലാവരെയും എല്ലാ കാലവും കബളിപ്പിക്കാന്‍ പറ്റില്ല.മിന്നലാക്രമണത്തിന്‍െറ കാര്യം വരുമ്പോള്‍ നമ്മുടെ ദേശഭക്തി സര്‍ക്കാര്‍ ചോദ്യംചെയ്യുന്നു. സര്‍ക്കാര്‍ ദേശഭക്തരുടെ കരാര്‍ എടുത്തിട്ടുണ്ടോ? ജനാധിപത്യം സംരക്ഷിച്ചതിന് കോണ്‍ഗ്രസിന് നന്ദി പറയണം. അതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത്. ഭരണഘടന സംരക്ഷിച്ചുനിര്‍ത്തിയത് കോണ്‍ഗ്രസാണ്. മുമ്പ് പ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഉണ്ടായതെങ്കില്‍, ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഖാര്‍ഗെ പറഞ്ഞു.

Tags:    
News Summary - mallikarjun kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.