മുംബൈ: മഹാരാഷ്ട്ര പ്രത്യേക പൊതു സുരക്ഷാ ബിൽ (സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ബിൽ) ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുമെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ശരദ് പവാർ. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ മൺസൂൺ സെഷനിൽ ബിൽ പാസാക്കിയിരുന്നു.
കഴിഞ്ഞ മാസം നിയമസഭയിൽ ആദ്യമായി ബിൽ അവതരിപ്പിച്ചപ്പോൾ ഫലപ്രദമായി എതിർക്കാനായില്ലെന്ന് പവാർ സമ്മതിച്ചു. ‘പ്രതിലോമ ശക്തികൾ’ ജുഡീഷ്യറിയിലേക്ക് നുഴഞ്ഞുകയറുന്നുവെന്നും മുൻ കേന്ദ്ര മന്ത്രി ആരോപിച്ചു.
‘നഗര നക്സലിസത്തെ’ ചെറുക്കുന്നതിനാണ് പ്രത്യേക പൊതു സുരക്ഷാ ബിൽ കൊണ്ടുവന്നതെന്നാണ് മഹാരാഷ്ട്ര സർക്കാറിന്റെ വാദം. നക്സലിസത്തിന്റെ ഭീഷണി നക്സൽ ബാധിത സംസ്ഥാനങ്ങളിലെ വിദൂര പ്രദേശങ്ങളിൽ മാത്രമല്ല, നക്സൽ മുന്നണി സംഘടനകളിലൂടെ നഗരപ്രദേശങ്ങളിലും അതിന്റെ സാന്നിധ്യം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിൽ പറയുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള 60ലധികം സംഘടനകൾ നിലവിലുണ്ടെന്നും നിലവിലെ നിയമങ്ങൾ അവർക്കെതിരെ ഫലപ്രദമല്ലെന്നും അത് പറയുന്നു.
എന്നാൽ, 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ അണിനിരന്ന ഇടതുപക്ഷ സംഘടനകളെയും പൗരാവകാശ പ്രവർത്തകരെയും നിയന്ത്രിക്കുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. ആവർത്തിച്ച് അഭ്യർഥിച്ചിട്ടും സംസ്ഥാന സർക്കാർ ഈ സംഘടനകളുടെ പട്ടിക ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് പൗരാവകാശ പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.