പ്രതീകാത്മക ചിത്രം

ഇസ്രായേൽ ഫോൺ ചോർത്തൽ സോഫ്റ്റ്‌വെയർ കേരളത്തിലും; എൽഡിഎഫ് വാങ്ങിയ സോഫ്റ്റ് വെയറിന്റെ കരാർ യുഡിഎഫ് പുതുക്കി

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളും പൊലീസും പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ അൺലോക്ക് ചെയ്യാനും വിവരങ്ങൾ ചോർത്താനുമായി ഇസ്രായേലി കമ്പനിയായ 'സെല്ലെബ്രൈറ്റ്' (Cellebrite) സോഫ്റ്റ്‌വെയറുകൾ വൻതോതിൽ വാങ്ങുന്നതായി റിപ്പോർട്ട്. ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐ.എഫ്.എഫ്) നടത്തിയ അന്വേഷണത്തിലാണ് കേരള ആഭ്യന്തര വകുപ്പും ഈ ഇസ്രായേലി ഫോൺ ക്രാക്കിങ് ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതായി വെളിപ്പെട്ടിരിക്കുന്നത്.

2026 ജനുവരി 17ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അനുമതിയോടെ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) സെല്ലെബ്രൈറ്റിന്റെ ഏറ്റവും ശേഷിയുള്ള 'സെല്ലെബ്രൈറ്റ് പ്രീമിയം' സോഫ്റ്റ്‌വെയർ വാങ്ങാൻ വഴിയൊരുക്കിയത്. സർക്കാറിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' മാനദണ്ഡങ്ങളിൽ പ്രത്യേക ഇളവ് നൽകിയാണ് 4,97,99,515 രൂപക്ക് ഇസ്രായേൽ സോഫ്റ്റ് വെയർ രാജ്യം വാങ്ങിച്ചത്.

കേന്ദ്ര ഏജൻസികൾക്ക് പുറമെ കേരള ആഭ്യന്തര വകുപ്പും സെല്ലെബ്രൈറ്റ് സാങ്കേതികവിദ്യ വാങ്ങിയതായാണ് ഐ.എഫ്.എഫ് ട്രാക്കറിലെ രേഖകൾ വ്യക്തമാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് സെല്ലെബ്രൈറ്റ് കേരള പൊലീസ് വാങ്ങിയത്. എൽഡിഎഫ് സർക്കാർ വാങ്ങിയ സോഫ്റ്റ് വെയറിന്റെ കരാർ യുഡിഎഫ് സർക്കാർ പുതുക്കി.

2026 ജൂലൈ 16ന് പുറപ്പെടുവിച്ച ടെൻഡറിലൂടെ 'സെല്ലെബ്രൈറ്റ് ഇൻസെയ്റ്റ്‌സ്' (Cellebrite Inseyets) മൊബൈൽ എക്‌സ്‌ട്രാക്ഷൻ സൗകര്യമടങ്ങുന്ന 'ഫെസിലിറ്റി മാനേജ്‌മെന്റ് സർവീസ്' (Facility Management Service) കരാർ 'അലിബി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്' (Alibi Global Pvt Ltd) എന്ന സ്വകാര്യ ഏജൻസിക്ക് നൽകി. 99,99,910 രൂപക്കാണ് കേരള ആഭ്യന്തര വകുപ്പ് ഈ സോഫ്റ്റ് വെയർ വാങ്ങിച്ചത്. അതേസമയം, പൊലീസുകാർക്ക് പകരം സ്വകാര്യ ഏജൻസി ജീവനക്കാരെ ഉപയോഗിച്ചാണോ ഡാറ്റ എക്‌സ്‌ട്രാക്ഷൻ നടത്തുന്നതെന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്.

2026ൽ മാത്രം 11 ടെൻഡറുകളിലായി 15 വാങ്ങൽ കരാറുകളാണ് സെല്ലെബ്രൈറ്റ് ഉൽപന്നങ്ങൾക്കായി നടന്നത്. എൻ.ഐ.എ, ഡൽഹി പൊലീസ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ), ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് എന്നീ കേന്ദ്ര സേനകൾക്ക് പുറമെ കോൺഗ്രസ് ഭരിക്കുന്ന കേരളം, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും സെല്ലെബ്രൈറ്റ് ക്രാക്കിങ് ടൂളുകൾ വാങ്ങിയാതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പൗരന്മാരുടെ ഫോണുകൾ പിടിച്ചെടുക്കുമ്പോൾ അതിലെ ഡാറ്റ എപ്പോൾ അൺലോക്ക് ചെയ്യാം, എന്തെല്ലാം വിവരങ്ങൾ പകർത്താം, ഈ വിവരങ്ങൾ എത്രകാലം സൂക്ഷിക്കാം എന്നതിനെയൊന്നും സംബന്ധിച്ച് ഇന്ത്യയിൽ യാതൊരുവിധ മാർഗ്ഗനിർദ്ദേശങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഐ.ടി ആക്ടിലെ സെക്ഷൻ 69 പ്രകാരമുള്ള വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യാനുള്ള അധികാരം ചോദ്യം ചെയ്തുള്ള ഹരജി 2019 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഒക്ടോബറിൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ യൂട്യൂബർ ധ്രുവ് റാഠി, മറ്റ് മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോൺ സെല്ലെബ്രൈറ്റ് ഉപയോഗിച്ച് ക്രാക്ക് ചെയ്യാൻ ശ്രമിച്ചതായും എന്നാൽ, തന്റെ ഫോണിലെ ഐഒഎസ് പതിപ്പ് ഈ ടൂളിന് കൈകാര്യം ചെയ്യാൻ കഴിയാത്തതിനും മുകളിൽ ആയതുകൊണ്ട് ആ ശ്രമം പരാജയപ്പെട്ടുവെന്നും ധ്രുവ് റാഠി പറഞ്ഞിരുന്നു.

സെർബിയ, ജോർദാൻ, കെനിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമപ്രവർത്തകരുടെയും പ്രതിഷേധക്കാരുടെയും ഫോണുകൾ ചോർത്താൻ സെല്ലെബ്രൈറ്റ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതായി അന്താരാഷ്ട്ര സംഘടനകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ഫോൺ ക്രാക്കിങ് ഉപകരണങ്ങൾ വാങ്ങിയതിന്റെ വിശദാംശങ്ങളും പ്രോട്ടോക്കോളും ആവശ്യപ്പെട്ട് വിവരവാകാശ നിയമപ്രകാരം (ആർ.ടി.ഐ) ആഭ്യന്തര മന്ത്രാലയത്തെയും ഡൽഹി പൊലീസിനെയും ഐ.എഫ്.എഫ് സമീപിച്ചിട്ടുണ്ട്. 

Tags:    
News Summary - Israel Phone Hacking Software Used in Kerala; UDF Renews LDF Contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.