'പരാതിക്കാരനായി' കമ്മീഷണർ, 'ഭാര്യയായി' എ.സി.പി; പൊലീസുകാരെ പരിശോധിക്കാനൊരു വേഷംമാറ്റം

പുനെ: സാധാരണക്കാരോടുള്ള പൊലീസുകാരുടെ പെരുമാറ്റം എങ്ങിനെയെന്ന്​ വിലയിരുത്താൻ പൊലീസ്​ സ്​റ്റേഷനുകളിൽ കമ്മീഷണറുടെ വേഷം മാറിയുള്ള പരിശോധന. പിംപ്രി-ചിഞ്ച്വാഡ്​ പൊലീസ്​ കമ്മീഷണർ കൃഷ്​ണപ്രകാശ്​ ആണ്​ പരാതിക്കാരന്‍റെ വേഷത്തിൽ സ്​റ്റേഷനുകളിലെത്തിയത്​. ഭാര്യയായി അസിസ്റ്റന്‍റ്​ കമ്മീഷണർ പ്രേരണ കാ​ട്ടെയും വേഷമിട്ടു.

ഹിഞ്ചവാഡി, വാകട്​, പിംപ്രി സ്​റ്റേഷനുകളിലാണ്​ ഇരുവരും വേഷംമാറിയെത്തിയത്​. നീണ്ട താടിവെച്ച്​, കുർത്ത ധരിച്ച്​ പഠാൻ വേഷത്തിലായിരുന്നു കമ്മീഷണർ. ഓരോ സ്​റ്റേഷനിലും വ്യത്യസ്​ത പരാതികളുമായാണ്​ ഇവർ എത്തിയത്​. മിക്ക സ്​റ്റേഷനുകളിലും പൊലീസുകാർ അനുഭാവപൂർവം പരാതി പരിഗണിച്ചെന്ന്​ ഇവർ വിലയിരുത്തി. ദുരനുഭവം നേരിടേണ്ടിവന്ന ഒരു സ്റ്റേഷനിലെ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

പിംപ്രി-ചിഞ്ച്വാഡ്​ പൊലീസ്​ കമ്മീഷണർ കൃഷ്​ണപ്രകാശും അസിസ്റ്റന്‍റ്​ കമ്മീഷണർ പ്രേരണ കാ​ട്ടെയും

ഭാര്യയെ സാമൂഹികവിരുദ്ധർ ആക്രമിച്ചെന്നും റോഡിൽവെച്ച് പടക്കം പൊട്ടിച്ചെന്നുമായിരുന്നു ഹിഞ്ചവാഡി പൊലീസ്​ സ്​റ്റേഷനിൽ ഇവർ നൽകിയ പരാതി. വാകട് പൊലീസ് സ്റ്റേഷനിൽ ഭാര്യയുടെ മാല ഒരാൾ പൊട്ടിച്ചെന്നും പരാതി നൽകി. കോവിഡ് രോഗിയിൽനിന്ന് ആംബുലൻസുകാർ അമിത വാടക ഈടാക്കിയെന്ന പരാതിയാണ്​ പിംപ്രി സ്​റ്റേഷനിൽ നൽകിയത്​. പക്ഷേ, ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയി​ല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.

പരാതിക്കാരായ ദമ്പതികളെ സ്വീകരിച്ചതിൽ അപാകതയുണ്ടായെന്നും മോശമായി സംസാരിച്ചെന്നും വിലയിരുത്തിയ കൃഷ്​ണപ്രകാശ്​ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിവിഷണൽ അസിസ്റ്റന്‍റ്​ കമ്മീഷണറെ ചുമതലപ്പെടുത്തി. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സ്റ്റേഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിന്നവർക്ക്​ താക്കീതും നൽകി. അതേസമയം, വേഷം മാറിയെത്തി തങ്ങളെ പരീക്ഷിച്ച കമ്മീഷണറുടെ നടപടിയിൽ പൊലീസുകാർ അതൃപ്​തി പ്രകടിപ്പിച്ചിട്ടുണ്ട്​. 

Tags:    
News Summary - Maharashtra police commissioner disguises as common man to test police staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.