മുംബൈ: കരാർ ജീവനക്കാരും ഔട്ട്‌സോഴ്‌സ് ജീവനക്കാരും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ അവരുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യൂനിഫോമുകൾ, ഓഫിസ് ലോഗോകൾ, പദവികൾ, സർക്കാർ സ്വത്തുക്കളുടെ ചിത്രങ്ങളോ വിഡിയോകളോ എന്നിവ ഉൾപ്പെടുത്തുന്നതിൽ വിലക്ക്. സർക്കാർ ജീവനക്കാരുടെ ഓൺലൈൻ പെരുമാറ്റം നിയന്ത്രിക്കുന്നതിനാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.
തിങ്കളാഴ്ച പുറത്തിറക്കിയ സമഗ്രമായ മാർഗനിർദേശങ്ങളുള്ള സംസ്ഥാന സർക്കുലറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്രക്കെതിരെ മാത്രമല്ല, ഏതെങ്കിലും സംസ്ഥാനം അല്ലെങ്കിൽ കേന്ദ്ര സർക്കാറിനെതിരെ എന്തെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായാൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക സംസ്ഥാന ജീവനക്കാരെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണമെന്ന് ഉപദേശിക്കുന്നു. സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, പൊതു സംരംഭങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരോധിച്ച ഒരു ആപ്ലിക്കേഷനും ഉപയോഗിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
വ്യക്തിപരവും ഔദ്യോഗികവുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വേറെ വേറെ ഉപയോഗിക്കണം. സംസ്ഥാന പദ്ധതിയോ തീരുമാനമോ പ്രോത്സാഹിപ്പിക്കാനും പരസ്യപ്പെടുത്താനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർ അത് അവരുടെ വകുപ്പുകളിൽ നിന്നുള്ള യോഗ്യതയുള്ള അധികാരികളുടെ സമ്മതത്തോടെ മാത്രമേ ചെയ്യാവൂ. സംസ്ഥാന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെടാനും ഏകോപിപ്പിക്കാനും കഴിയുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആക്ഷേപകരമായ സ്വഭാവമുള്ളതോ, വിദ്വേഷം പരത്തുന്നതോ, ഭിന്നിപ്പിക്കുന്നതോ ആയ സന്ദേശങ്ങൾ സംസ്ഥാന ജീവനക്കാർ ഫോർവേഡ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, അപ്‌ലോഡ് ചെയ്യാനോ പാടില്ല. അധികാരപ്പെടുത്തിയിട്ടില്ലെങ്കിൽ, സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും ഏതെങ്കിലും സർക്കാർ രേഖകൾ പൂർണമായോ ഭാഗികമായോ പങ്കിടുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. ഈ മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് 1979 ലെ മഹാരാഷ്ട്ര സിവിൽ സർവീസസ് നിയമങ്ങൾ പ്രകാരം അച്ചടക്ക നടപടിക്ക് വിധേയമാകുമെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.