ചെങ്കോട്ടയിൽ ഇന്ന് നടന്നത് നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയർത്തലെന്ന് ലാലു പ്രസാദ് യാദവ്

പട്ന: ചെങ്കോട്ടയിൽ ഇന്ന് നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയർത്തലാണെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പട്‌നയിൽ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ വസതിയിൽ ദേശീയപതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസ നേരുന്നതിനൊപ്പം മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൽ കലാം ആസാദ്, ബാബസാഹെബ് അംബേദ്കർ തുടങ്ങിയ മഹാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുപാട് മനുഷ്യർ ജീവത്യാഗം ചെയ്തിട്ടുണ്ട്. ചരിത്രം ഒരു കോട്ടവുമില്ലാതെ നിലനിർത്തേണ്ടതുണ്ട്. എന്നാൽ, ബി.ജെ.പി ചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

ചെങ്കോട്ടയിൽനിന്നുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയർത്തലാകും ഇന്ന് നടന്നത്. അടുത്ത തവണ കേന്ദ്രത്തിൽ നമ്മൾ സർക്കാർ രൂപവത്കരിക്കും. ചെങ്കോട്ടയിൽനിന്നുള്ള അവസാന പ്രസംഗത്തിൽ മോദി ശരിയായ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷ. മോദി സർക്കാരിന്റെ നേരമ്പോക്ക് വർത്തമാനങ്ങളിൽ രാജ്യം അമർഷത്തിലാണെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.

അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ‘നിങ്ങൾ കുറിച്ച് വെച്ചോ, ഈ ദിനങ്ങളിൽ ഞാൻ ഇടുന്ന തറക്കല്ലിന് ഉദ്ഘാടനം നിർവഹിക്കുന്നതും എന്‍റെ നിയോഗമായിരിക്കും. ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം അന്ന് നടത്തും. അടുത്ത വർഷം ചെങ്കോട്ടയിൽ വന്നു നിന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും’, എന്നിങ്ങനെയായിരുന്നു പ്രസംഗം.

ഇതിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വർഷം അദ്ദേഹത്തിന് വീട്ടിൽ പതാക ഉയർത്താമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസംകൊണ്ടാണ് രാജ്യത്ത് വികസനം വന്നതെന്നാണ് ചിലരുടെ പ്രചാരണം. ബ്രിട്ടീഷുകാർ രാജ്യം വിടുമ്പോൾ സൂചി നിർമിക്കുന്നതിനെക്കുറിച്ചുപോലും ചർച്ചയുണ്ടായിരുന്നില്ല. അവിടെയാണ് നെഹ്‌റു അണക്കെട്ടുകളും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഐ.എസ്.ആർ.ഒയും മറ്റു സ്ഥാപനങ്ങളുമെല്ലാം സ്ഥാപിച്ചത്. ക്ഷീരവിപ്ലവം കൊണ്ടുവന്നത്. രാജീവ് ഗാന്ധിയാണ് രാജ്യത്ത് കമ്പ്യൂട്ടർ കൊണ്ടുവന്നത്'-ഖാർഗെ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ അപകടത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.

നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിൽ അവസാനത്തേതായിരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ വിജയിക്കുമെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ തകർക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Lalu Prasad Yadav said that Narendra Modi's last flag hoisting took place at the Red Fort today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.