ശ്രീനഗർ: ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തോടെ നിലച്ച വിനോദസഞ്ചാരികളുടെ ഒഴുക്ക് കശ്മീരിൽ പുനഃരാരംഭിക്കുന്നു. ആക്രമണം വിനോദസഞ്ചാരികളെ ഭയപ്പെടുത്തുകയും ഇന്ത്യയെയും പാകിസ്താനെയും യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തതിന് രണ്ടു മാസങ്ങൾക്ക് ശേഷം മനോഹരമായ ഹിമാലയൻ താഴ്‌വരയിൽ ടൂറിസം പുനഃരുജ്ജീവനത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണാൻ തുടങ്ങി.
ശ്രീനഗർ നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദാൽ തടാകത്തിൽ വാട്ടർ ബൈക്കുകൾ സജീവമായി. ഈ ആഴ്ച ആദ്യം പോളിഷ് വിനോദസഞ്ചാരികളുടെ ഒരു സംഘം നഗരത്തിലെത്തി. പഹൽഗാം ആക്രമണത്തിന് ആഴ്ചകൾക്കു ശേഷമുള്ള ഈ വരവ് ഹോട്ടലുടമകൾ, ടാക്സി ഡ്രൈവർമാർ, ടൂർ ഗൈഡുകൾ, കടയുടമകൾ, ദാൽ തടാകത്തിൽ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന വർണ്ണാഭമായ മര ബോട്ടുകളുടെ ഉടമകൾ എന്നിവർക്ക് ശുഭാപ്തിവിശ്വാസം നൽകുന്നു.
ഫെഡറൽ ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാണ് ടൂറിസം. വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള ആക്രമണം ശരിക്കും അവരെ ഞെട്ടിച്ചു. തുടർന്ന് താഴ്‌വരയിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി. അവയിൽ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോഴും അടച്ചിട്ടിരിക്കുന്നു.
പ്രദേശത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനായി ഈ സ്ഥലങ്ങൾ വീണ്ടും തുറക്കാൻ കഠിന ശ്രമങ്ങൾ നടത്തിവരുന്നതായി മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറയുന്നു. ആക്രമണത്തിന്റെ ആഘാതം വളരെ വ്യാപകമായി അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന വിനോദസഞ്ചാരികളുടെ കൂട്ട പലായനം നടന്നു. വരാൻ നിർദേശിച്ചവരുടെ കൂട്ടത്തോടെ റദ്ദാക്കലും ഉണ്ടായി. ഈ ആഘാതത്തെ എന്ത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. നിങ്ങൾക്ക് ഇതിനെ ഒരു ദുരന്തം എന്ന് വിളിക്കാമെന്ന് കരുതുന്നുവെന്നും’ ഉമർ പറഞ്ഞു.
ഏപ്രിലിൽ, ദാൽ തടാകത്തിലെ ‘ബൊളിവാർഡ്’ ആയിരക്കണക്കിന് വിനോദസഞ്ചാരികളാൽ നിറഞ്ഞിരുന്നുവെന്നും ദിവസേന ഗതാഗതക്കുരുക്കുണ്ടായിരുന്നുവെന്നും താമസ സൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് പലരും പരാതിപ്പെട്ടതായും ശിക്കാര ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ഹാജി വാലി മുഹമ്മദ് ഭട്ട് പറയുന്നു. വിനോദസഞ്ചാരികൾക്കെതിരായ ആക്രമണം നിർഭാഗ്യകരവും ദാരുണവുമായിരുന്നു. ഇത് നമ്മുടെ എല്ലാവരുടെയും ഉപജീവനമാഗത്തെയും ബാധിച്ചു. വിനോദസഞ്ചാരികൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ടൂറിസമാണ് ഞങ്ങളുടെ ജീവനാഡി -അദ്ദേഹം നിരാശയോടെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കശ്മീരിൽ ടൂറിസം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ധാരാളം പുതിയ ഹോട്ടലുകൾ നിർമിച്ചു. പുതിയ വാഹനങ്ങൾ വാങ്ങുകയും കടകൾ തുറക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജമ്മു കശ്മീർ സന്ദർശിച്ചത് 23.6 ദശലക്ഷം വിനോദസഞ്ചാരികളാണെന്നും താഴ്‌വര സന്ദർശിച്ചത് 3.49 ദശലക്ഷം പേരാണെന്നും സർക്കാർ പറയുന്നു. ഈ വർഷം താഴ്‌വരയിലെ പീക്ക് സീസൺ നഷ്ടപ്പെട്ടു. പക്ഷേ, വിനോദ സഞ്ചാര മേഖല ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ അടക്കമുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.