അറസ്റ്റിലായ

പ്രതി ശ്രീകാന്ത് പൂജാരി

കർണാടകയിൽ കർസേവകന്‍റെ അറസ്റ്റ് ആയുധമാക്കാൻ ബി.ജെ.പി

ബംഗളൂരു: കർണാടകയിൽ 1992ലെ കലാപകേസിലെ പ്രതിയെ 31 വർഷത്തിനുശേഷം അറസ്റ്റു ചെയ്ത കർണാടക സർക്കാറിന്‍റെ നടപടി കോൺഗ്രസിനെതിരെ പ്രചാരണായുധമാക്കാൻ ബി.ജെ.പി. ബുധനാഴ്ച കർണാടകയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കർണാടകയിലെ കോൺഗ്രസ് സർക്കാർ രാമക്ഷേത്രത്തിനും രാമജന്മഭൂമി പ്രവർത്തകർക്കുമെതിരാണെന്നും ഹിന്ദു വിരുദ്ധരാണെന്നുമുള്ള പ്രചാരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 1992 ഡിസംബറിൽ ഹുബ്ബള്ളിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കർസേവകനായ ശ്രീകാന്ത് പൂജാരി കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

എന്നാൽ, പൂജാരിയുടെ അറസ്റ്റിൽ വിദ്വേഷ രാഷ്ട്രീയം ചേർക്കേണ്ടതില്ലെന്നും കോടതി കുറ്റമുക്തമാക്കുന്നതുവരെ ക്രിമിനലുകൾ എന്നും ക്രിമിനലുകൾ തന്നെയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കാലം നീണ്ടാലും കുറ്റകൃത്യം മായില്ല. പഴയ കേസുകൾ മുഴുവൻ തീർപ്പാക്കാൻ പൊലീസിനോട് സർക്കാർ നിർദേശിച്ചതനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചത്. കുറ്റവാളികളല്ലാത്ത ആരും അറസ്റ്റിലായിട്ടില്ല. കോടതി നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സ്റ്റേഷനുകളിലെ പഴയ കേസുകളിൽ നടപടി സ്വീകരിക്കുന്നത് പതിവാണെന്നും ഇതുപ്രകാരമാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നും ഹുബ്ബള്ളി- ധാർവാഡ് എസ്.പി രേണുക കെ. സുകുമാർ പറഞ്ഞു.

1992 ഡിസംബർ അഞ്ചിന് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടെ ന്യൂനപക്ഷ വിഭാഗക്കാരുടെ കടകൾക്ക് തീയിട്ടതുമായി ബന്ധപ്പെട്ട് ശ്രീകാന്ത് പൂജാരിയടക്കം 10 പേർക്കെതിരെ ഹുബ്ബള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് 20 വയസ്സുണ്ടായിരുന്ന പൂജാരി എഫ്.ഐ.ആർ പ്രകാരം മൂന്നാം പ്രതിയായിരുന്നു. ഹുബ്ബള്ളി ചന്നപേട്ട് സ്വദേശിയായ ഇയാൾക്കെതിരെ 1992 നും 2018നും ഇടയിൽ 16 വിവിധ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒമ്പതെണ്ണം അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ടാണ്. കലാപങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസുകളുമുണ്ട്. ചൂതാട്ടവുമായി ബന്ധപ്പെട്ടും കേസുണ്ട്.

ഇവയിൽ മിക്ക കേസുകളും ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനിലാണുള്ളത്. കുറച്ചുകാലമായി ഓട്ടോ ഡ്രൈവറായി കഴിയുന്ന ശ്രീകാന്തിനെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ റിമാൻഡിലാണ്. 

Tags:    
News Summary - Karsevakan's in Karnataka BJP to use arrest as a weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.