ബംഗളൂരു: കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി കർണാടക. അതിർത്തി ജില്ലകൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കുലറും കർണാടക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ നിപ ബാധിത മേഖലകളിലേക്ക് അനാവശ്യമായി യാത്ര ചെയ്യരുതെന്ന് കർണാടക നിർദേശിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകളിൽ പ്രത്യേക പരിശോധന സംവിധാനം ഒരുക്കുമെന്നും അതിർത്തി കടന്നെത്തുന്നവരുടെ താപനില പരിശോധിക്കുമെന്നും കർണാടക അറിയിച്ചിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗർ, മൈസൂർ, കുടക്, ദക്ഷിണ കന്നഡ ജില്ലകൾക്കാണ് പ്രധാനമായും ജാഗ്രത നിർദേശം നൽകിയത്.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് കേരള അതിർത്തിയിൽ രോഗപ്രതിരോധ നടപടി ഏർപ്പെടുത്തിയിരുന്നു. നാടുകാണിയിലെ ടോൾ ചെക്ക് പോസ്റ്റിന് സമീപമാണ് തമിഴ്നാട് ആരോഗ്യവകുപ്പ് 24 മണിക്കൂർ പരിശോധന തുടങ്ങിയത്. നാടുകാണി ചുരം കയറിയെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് പനിയുള്ളവരെ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകിയശേഷമാണ് കടത്തിവിടുന്നത്. കലശലായ പനിയുള്ളവരെ മടക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.
മാർഗനിർദേശങ്ങൾ അടങ്ങുന്ന നോട്ടീസ് തമിഴിലും മലയാളത്തിലും അച്ചടിച്ച് യാത്രക്കാർക്ക് നൽകുന്നുണ്ട്. ചെക്ക്പോസ്റ്റ് വഴിയെത്തുന്ന തദ്ദേശീയരെയും പരിശോധിക്കുന്നുണ്ട്. ശരീരോഷ്മാവ് കൂടുതലായി കണ്ടാൽ ഇവരെ നാടുകാണിയിലെ ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുകയാണ് ചെയ്യുന്നത്.
കോഴിക്കോട് ഇന്ന് ഒരാൾക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നാല് പേരാണ് നിലവിൽ നിപ ബാധിച്ച് ചികിത്സയിലുള്ളത്. രണ്ട് പേർ നിപ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്കായി അയച്ച 11 സാമ്പിളുകൾ നെഗറ്റീവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.