ഗ്രാമം വിൽപനക്ക്, വില വെള്ളം; 26 വർഷമായി തുടരുന്ന ജലക്ഷാമം പരിഹരിക്കാതെ അധികൃതർ, പ്രതിഷേധവുമായി ജനങ്ങൾ
മുംബൈ: രണ്ട് പതിറ്റാണ്ടിൽ അധികമായി കുടിവെള്ളത്തിനായി കാത്തിരിക്കുന്ന ഒരു ഗ്രാമത്തിന്റെ പ്രതിഷേധം ദേശീയ ശ്രദ്ധ നേടുന്നു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ തുൾഷി ഗ്രാമവാസികളാണ് ‘ഗ്രാമം വിൽപനക്ക്, വില: വെള്ളം’ എന്ന ബോർഡ് സ്ഥാപിച്ച് പ്രതിഷേധിക്കുന്നത്. വർഷങ്ങളായി തുടരുന്ന ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ഏകദേശം 7,000 പേർ താമസിക്കുന്ന ഗ്രാമം പ്രതീകാത്മകമായി വിൽപനക്ക് വെച്ചത്.
മാധ താലൂക്കിലെ തുൾഷി ഗ്രാമത്തിലൂടെ സിന -മാധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഗ്രാമത്തിന് ലഭിക്കുന്നില്ല. പദ്ധതിയുടെ ഏഴാമത്തെയും എട്ടാമത്തെയും ഔട്ട്‌ലെറ്റുകൾക്ക് സമീപമുള്ള ഏകദേശം 800 മീറ്റർ കനാൽ നിർമാണം 26 വർഷമായി പൂർത്തിയാകാതെ കിടക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു. ഈ പ്രവൃത്തി പൂർത്തിയാക്കിയാൽ ഗ്രാമത്തിലെ ജലക്ഷാമത്തിന് സ്ഥിരപരിഹാരം കാണാനാകുമെന്ന് പഞ്ചായത്ത് സർപഞ്ച് ശരദ് മോർ പറയുന്നു. എന്നാൽ പലതവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗ്രാമം പ്രധാനമായും ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തവണ മഴ കുറവായതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഗ്രാമത്തിലെ 14 കുളങ്ങളും നിരവധി കിണറുകളും പൂർണമായും വറ്റി. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചില പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രദേശത്തെ ജലസ്രോതസ്സുകൾ തന്നെ വറ്റിയതിനാൽ അതിന്റെ ഗുണം ലഭിച്ചില്ലെന്നും ഗ്രാമവാസികൾ പറയുന്നു.
കൃഷിയെയും കന്നുകാലി വളർത്തലിനെയും ആശ്രയിക്കുന്ന കുടുംബങ്ങളെയാണ് ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചത്. ജലക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് സെപ്റ്റംബർ 14ന് ഗ്രാമവാസികൾ നിരാഹാര സമരം ആരംഭിച്ചിരുന്നു. പിന്നീട് മാധ തഹസിൽദാർ ഓഫീസിന് മുന്നിൽ പാത്രങ്ങൾ കൊട്ടിയുള്ള ‘താളി നാദ്’ പ്രതിഷേധവും നടത്തി. അതേസമയം, പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി. ‘ഗ്രാമം വിൽപനക്ക്’ എന്ന ബോർഡ് സ്ഥാപിച്ചത് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള പ്രതീകാത്മക പ്രതിഷേധമാണെന്നും സർപഞ്ച് ശരദ് മോർ പറഞ്ഞു. ഗ്രാമത്തിലെ 350 ഓളം പുരുഷന്മാർക്ക് ആരും വധുക്കളെ നൽകാൻ തയാറാകാത്തതിനാൽ അവിവാഹിതരായി തുടരുന്നുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. കൃഷിയും കന്നുകാലി വളർത്തലും ഉൾപ്പെടെയുള്ള ഉപജീവന മാർഗങ്ങളെയും ജലക്ഷാമം ബാധിച്ചിരിക്കുകയാണ്.
2024ൽ സിന -മാധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽനിന്ന് തുൾഷി ഉൾപ്പെടെയുള്ള വരൾച്ചാബാധിത ഗ്രാമങ്ങൾക്ക് വെള്ളം എത്തിക്കുന്നതിന് കൃഷ്ണ വാലി ഡെവലപ്മെന്റ് കോർപറേഷൻ അനുമതി നൽകിയിരുന്നു. ഈ വർഷം തുൾഷിയിലെ ഭവാനി പെർകോലേഷൻ ടാങ്കിലേക്ക് അടച്ച പൈപ്പ്‌ലൈൻ വഴി വെള്ളം എത്തിക്കുന്നതിനായി 2025-26 സാമ്പത്തിക വർഷത്തിൽ 90 ലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചിരുന്നു. കുടിവെള്ളത്തിനും ജലസേചനത്തിനും ഇത് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
അതേസമയം, പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗ്രാമത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും സംസ്ഥാന കൃഷിമന്ത്രി ദത്താത്രേയ ഭർണെ പുണെയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.