ശ്രീരംഗപ്പട്ടണം: സഹപാഠിയോട് മോശമായി പെരുമാറിയ കർണാടകയിലെ സർക്കാർ സ്കൂൾ പ്രധാന അധ്യാപകനെ പെൺകുട്ടികൾ കൂട്ടം ചേർന്ന് ആക്രമിച്ചു. ശ്രീരംഗപ്പട്ടണത്തിലെ കട്ടേരി ഗവ. ഹൈസ്കൂളിലെ പ്രധാന അധ്യാപകനാണ് മർദനമേറ്റത്. സ്കൂൾ ഹോസ്റ്റലിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാർഥികളുടെ ആരോപണം.
അധ്യാപകൻ മോശമായി പെരുമാറിയെന്ന് പെൺകുട്ടി ഹോസ്റ്റലിലെ മറ്റു വിദ്യാർഥികളെ അറിയിച്ചു. എല്ലാവരും ചേർന്ന് അധ്യാപകനെ പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പെൺകുട്ടികൾ അധ്യാപകനെ വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അധ്യാപകനെ പെൺകുട്ടികൾ മർദിക്കുമ്പോൾ മറ്റ് അധ്യാപകർ എത്തി ഇവരെ ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ട്. അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നതുൾപ്പെടെ ഉറപ്പുകൾ മറ്റ് അധ്യാപകർ പെൺകുട്ടികൾക്ക് നൽകുന്നു. അതിനിടെ അധ്യാപകൻ സ്വയം ഒരു മുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെൺകുട്ടികൾ വാതിൽ തള്ളിത്തുറന്ന് മർദിച്ചു. രംഗം കൂടുതൽ വഷളായതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
അധ്യാപകൻ സ്ഥിരമായി പെൺകുട്ടികളോട് മോശമായി പെരുമാറുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.