ന്യൂഡൽഹി: ജമ്മുകശ്മീരിലെ കേന്ദ്രസർക്കാറിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥൻ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. അക്ബർ റോഡിലെ എ.ഐ.സി.സി ഓഫീസിൽ വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ:-
‘‘സർക്കാർ ശരിയായ കാര്യം ചെയ്യുന്നുണ്ടെന്ന് തോന്നുന്നവർ അതിനോടൊപ്പം നിൽക്കും. അവർ ദേശസ്നേഹികളായിരിക്കാം. അത് പോലെ സർക്കാർ ചെയ്യുന്നത് ദേശീയ താൽപര്യത്തിന് നിരക്കുന്നതല്ലെന്നും തെറ്റായ പാതയിലേക്ക് കൊണ്ടുപോകുന്നതാണെന്നും കരുതുന്നവർ അതിനെ ചോദ്യം ചെയ്യും. വ്യക്തിപരമായി പോലും വലിയ വിലകൊടുത്തായിരിക്കും അവർ ചോദ്യം ചെയ്യുന്നത്. അവരും ദേശസ്നേഹികളാണ്. എന്നാൽ രാജ്യം ശരിയായ ദിശയിലല്ല പോകുന്നതെന്ന് അറിഞ്ഞിട്ടും സ്വന്തം നേട്ടത്തിനോ അത്യാഗ്രഹത്തിനോ നിലനിൽപിനോ വേണ്ടി നിശബ്ദത പാലിക്കുന്നവരുണ്ട്. അവരാണ് രാജ്യദ്രോഹികൾ.
അത്തരത്തിലൊരു രാജ്യദ്രോഹിയാകാൻ ആഗ്രഹിക്കാതെ ചോദ്യങ്ങൾ ചോദിക്കണമെന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കണമെന്നും തോന്നിയത് കൊണ്ടാണ് താൻ കോൺഗ്രസിൽ ചേർന്നത്. സ്വന്തം യാത്രയിലൂടെ കടന്നുപോകേണ്ടി വന്നതിനാൽ ഈ ഒരു തീരുമാനത്തിന് ഒരുപാട് സമയമെടുത്തു. 2019ലാണ് ഐ.എ.എസ് രാജിവെച്ചത്. സർക്കാർ രാജ്യത്തെ നയിക്കാൻ ആഗ്രഹിച്ച ദിശ ശരിയല്ല എന്ന കാര്യം ആ സമയത്ത് വ്യക്തമായിരുന്നു. അതിനെതിരെ പോരാടേണ്ടതുണ്ടായിരുന്നു. പക്ഷേ ഒരു ബദലിനുള്ള യാത്രയിലെത്താൻ എനിക്ക് വ്യക്തത ആവശ്യമായിരുന്നു. അങ്ങനെ ഞാൻ 90ാളം ജില്ലകളിൽ യാത്ര ചെയ്തു. ജനങ്ങളോട് സംസാരിച്ചു. നിരവധി നേതാക്കളെ കണ്ടു . രാജ്യത്തെ ഞാൻ ആഗ്രഹിക്കുന്ന ദിശയിലേക്ക് കൊണ്ടുപോകാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്നും വ്യക്തമായി.
വ്യക്തതയോടെയും പൂർണ ഹൃദയത്തോടെയുമാണ് ഇന്ന് കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത്. കോൺഗ്രസ് പാർട്ടിക്കും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി എപ്പോഴും പ്രവർത്തിക്കും. പാർട്ടിക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നിടത്തെല്ലാം പ്രവർത്തിക്കാൻ ഞാൻ തയാറാണ്’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.