ജോൺ ബ്രിട്ടാസ് എംപി, ഒപ്പം കസ്റ്റഡിയിലെടുത്ത ജാർഖണ്ഡ് സ്വദേശി സാജിദ് ഹുസൈൻ
‘ഇവനുള്ളത് കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു... എന്നെ മർദിക്കുന്നത് പൊലീസ് ബോഡിക്യാമിലൂടെ ഡി.സി.പി കണ്ടു’- ജോൺ ബ്രിട്ടാസ് ഐ.സി.യുവിൽ
ന്യൂഡൽഹി: ഗ്യാനേഷ്‍കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ മർദിച്ച ജോൺ ബ്രിട്ടാസ് എംപിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ പരിക്കേറ്റതിനെ തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീറ്റിൽ കിടത്തി പൊലീസുകാർ അമർത്തിയതിനെ തുടർന്ന് ബ്രിട്ടാസിന്റെ ആരോഗ്യനില വഷളായിരിക്കുകയാണ്. നെഞ്ചിൽ നീർക്കെട്ടുണ്ട്. തന്നെയും കൂടെയുണ്ടായിരുന്ന യുവാവിനെയും ഒരു സീറ്റിലേക്ക് അഞ്ചാറ് സി.ആർ.പി.എഫുകാർ ചേർന്ന് ബലമായി അമർത്തിവെച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. നേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ വെക്കാൻ പാടില്ല എന്ന് സുപ്രീം കോടതിയുടെ ഇടക്കാല വിധി നിലനിൽക്കെയാണ് ഈ നീക്കം. ഐ.ഡി കാർഡ് ഉയർത്തിക്കാണിച്ചിട്ടും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനിടെ തനിക്ക് സഹായവുമായെത്തിയത് ഒപ്പം കസ്റ്റഡിയിലെടുത്ത യുവാവാണെന്ന് അദ്ദേഹം പറഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ സാജിദ് ഹുസൈൻ എന്ന യുവാവായിരുന്നു ഇത്. ‘ഈ പയ്യനെ എനിക്കറിയില്ല, ഇവൻ ഉള്ളതുകൊണ്ടാ ഞാൻ രക്ഷപ്പെട്ടത്.. എന്നെ വഴിയിൽ ഇറക്കി വിട്ടപ്പോൾ ഇവനാണ് എന്നെ സഹായിച്ചത്. ഈ പാവപ്പെട്ട ഒരുത്തൻ കൂടെ ഉള്ളത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. ഞാൻ പറയുന്നതൊന്നും ഈ കേന്ദ്രസേനക്കാർ കേൾക്കാൻ തയാറായിരുനില്ല. എന്നെ മർദ്ദിക്കുന്നതും എന്നെ എടുക്കുന്നതുമൊക്കെ കണ്ടപ്പോൾ ഡി.സി.പി സച്ചിന് എന്നെ കണ്ടപ്പോഴേ മനസ്സിലായി. അയാൾ ഉടനെ എന്നെ ഫോണിൽ വിളിച്ചു. എന്റെ ഫോൺ അടിക്കുന്നത് കണ്ടിട്ട് ഇവൻ (സാജിദ് ഹുസൈൻ) എടുത്തിട്ട് എന്റെ ചെവിയിൽ വെച്ചു. ... 'സർ പ്ലീസ് സോറി സോറി സോറി സാർ' എന്ന് അയാൾ എന്നോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്’ -ബ്രിട്ടാസ് പറഞ്ഞു.
‘ഒരുപൊലീസുകാരനും ബലിഷ്ഠരായ അഞ്ചാറ് സിആർപിഎഫുകാരുമാണ് ഉണ്ടായിരുന്നത്. സിആർപിഎഫുകാർ എന്നെ ഒരു സീറ്റിലേക്ക് എന്നെ അമർത്തി ഒതുക്കികൊണ്ടിരിക്കുന്നു. ശ്വസിക്കാൻപോലും കഴിഞ്ഞില്ല. ഞാൻ എംപിയാണെന്ന് പറഞ്ഞപ്പോൾ, മിണ്ടുന്നത് പോലും ഒഴിവാക്കാൻ വേണ്ടി വാ പൊത്തിപ്പിടിച്ചു. അതുകൊണ്ടൊന്നും നമ്മൾ തളരാൻ പോകുന്നില്ല. ഇവരിനി എന്ത് ചെയ്താലും അവസാനത്തെ ശ്വാസം വരെ ഈ സമരമുഖത്ത് ഞങ്ങൾ ഉണ്ടാകും’ -ബ്രിട്ടാസ് പറഞ്ഞു.
‘ഞാൻ എം.പി ആണെന്ന് ഇവരോട് പറഞ്ഞിട്ട് ഇവർ കേട്ടില്ല. ഏതോ ഒരു പോലീസുകാരന്റെ പോക്കറ്റിലുള്ള കാമറയിൽ നിന്ന് കൺട്രോൾ റൂമിലുള്ള ഡി.സി.പി സച്ചിൻ ഇത് കാണുന്നുണ്ടായിരുന്നു. അയാൾ പെട്ടെന്ന് വയർലെസ് മെസ്സേജ് വഴി ‘അത് എം.പി ആണ്, എത്രയും പെട്ടെന്ന് അയാളെ മോചിപ്പിക്കണം, മോചിപ്പിച്ചില്ലെങ്കിൽ നിങ്ങളെ പുറത്താക്കും ഡിസ്മിസ് ചെയ്യും എന്ന് പറഞ്ഞപ്പോഴാണ് ഇവർ എന്നെ ഇവിടെ കൊണ്ടുതള്ളിയത്. ഇവിടെ തള്ളിയപ്പോൾ ഒരു ഓട്ടോറിക്ഷയിൽ എന്നെ കയറ്റി. എന്നിട്ട് പോലീസ് കൂടെ വരാൻ തയ്യാറായില്ല. ഇതാണ് ഒരു എം.പിയുടെ അവസ്ഥയെങ്കിൽ മറ്റുള്ള സാധാരണക്കാരുടെ സ്ഥിതി എന്താണ്? എന്റെ ഭാഗത്ത് ഇവർ പറഞ്ഞ ഒരു നിയമലംഘനവും നടത്തിയിട്ടില്ല. ഒറ്റയ്ക്ക് പത്രപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇവർ ഇത് ചെയ്തത്. ആദർശ് ഉൾപ്പെടെയുള്ള എന്റെ പിള്ളേരെ അറസ്റ്റ് ചെയ്യുന്നതിനിടെ ഞാൻ ഓടിയെത്തിയതാണ്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.