കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളമായി മുന്നോട്ടുപോകുമെന്ന് ജയറാം രമേശ്

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി കോൺഗ്രസിൽ പുനർ വിചിന്തനത്തിന് വഴിയൊരുക്കിയേക്കും. ഭാരത് ജോഡോ യാത്രയെ ജന മനസ്സറിയാനുള്ള പരീക്ഷണമായി പാർട്ടി ഉയർത്തിക്കാട്ടിയെങ്കിലും നഷ്ടപ്രതാപം വീണ്ടെടുക്കാൻ താഴെ തട്ടിൽ പാർട്ടി പ്രവർത്തനം ഊർജിതമാക്കണമെന്നാണ് മൂന്നു സംസ്ഥാനങ്ങളിലെയും ഫലം സൂചിപ്പിക്കുന്നത്.

ഇടത് പാർട്ടികളുമായുള്ള സഖ്യം ത്രിപുരയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. ഇവിടെ മൂന്നു മണ്ഡലങ്ങളിലാണ് ജയിക്കാനായത്. 60 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയ മേഘാലയയിൽ അഞ്ചു സീറ്റിൽ ഒതുങ്ങി.

60ൽ 23 ഇടത്ത് മത്സരിച്ച നാഗാലാൻഡിലാകട്ടെ എക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. ​ത്രിപുരയിൽ 13 സീറ്റാണ് ഇടത്-കോൺഗ്രസ് സഖ്യത്തിന് നേടാനായത്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസ് ഔദ്യോഗികമായ മാറ്റി നിർത്തുന്നുണ്ടെങ്കിലും കാൽനടയാത്ര സൃഷ്ടിച്ച ജനപിന്തുണ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ, പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തിയിരുന്ന മൂന്നു സംസ്ഥാനങ്ങളിലും തിരിച്ചുവരവിന്റെ ഒരു സൂചനയും കോൺഗ്രസിന് നൽകാനായിട്ടില്ല.

അതേസമയം, തോൽവി വിലയിരുത്തി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ് റാം രമേശ് വ്യക്തമാക്കി. ‘അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടി യുവ സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. നാഗാലാൻഡിലും മേഘാലയയിലും പാർട്ടി അത്ഭുതമൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ, തീർച്ചയായും ഭാവിയിലേക്ക് നോക്കുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടിയിരുന്ന സ്ഥാനാർത്ഥികളായിരുന്നു ഇവർ’’.- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Jairam Ramesh said steps will be taken to strengthen the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.