തൂത്തുക്കുടിയിൽ ഐ.എസ്.ആർ.ഒ റോക്കറ്റ് വിക്ഷേപണ
കേന്ദ്ര നിർമാണത്തിന് മുന്നോടിയായി നടന്ന ഭൂമിപൂജ
ചെന്നൈ: തൂത്തുക്കുടി കുലശേഖരപട്ടണത്ത് പുതുതായി നിർമിക്കുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ)യുടെ റോക്കറ്റ് വിക്ഷേപണ പാഡ് നിർമാണം ‘ഭൂമിപൂജ’യോടെ തുടക്കം. ബുധനാഴ്ച രാവിലെ ഹൈന്ദവ പുരോഹിതരുടെ നേതൃത്വത്തിൽ നടന്ന പൂജാകർമങ്ങളിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ഉൾപ്പെടെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഐ.എസ്.ആർ.ഒക്ക് രണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഈയിടെയായി പല രാജ്യങ്ങളും ഐ.എസ്.ആർ.ഒ വഴി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനായി ഐ.എസ്.ആർ.ഒ റോക്കറ്റ് വിക്ഷേപണ പാഡ് കൂടി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാറ്റിന്റെ വേഗം, കുറഞ്ഞ മഴ, ഭൂമിയുടെ ഭൂമധ്യരേഖയോടുള്ള സാമീപ്യം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് രാജ്യത്തുടനീളം സർവേകൾ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുലശേഖരപട്ടണം തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനായി കുടൽനഗർ, അമരപുരം, മണപ്പാട്, മാധവൻകുറിച്ചി തുടങ്ങിയ ഗ്രാമങ്ങളിലായി 2230 ഏക്കർ ഭൂമി ഏറ്റെടുത്തു. 2024 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് തറക്കല്ലിട്ടത്. അടുത്ത വർഷത്തിൽ ഇതിന്റെ നിർമാണം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.