‘ഞങ്ങൾ പിന്നാക്ക സമുദായത്തിൽപ്പെട്ടവരല്ല’; കർണാടക ജാതി സർവേയിൽ പ​ങ്കെടുക്കാൻ വിസമ്മതിച്ച് ഇൻഫോസിസ് സ്ഥാപകരായ നാരായണ മൂർത്തിയും സുധ മൂർത്തിയും

ബംഗളൂരു: ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന ജാതി സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്.

തങ്ങളുടെ വീട്ടിൽ സർവെ നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് എന്യുമറേറ്റർമാർ സർവേക്കായി വന്നപ്പോൾ സുധ മൂർത്തിയും നാരായണ മൂർത്തിയും പറഞ്ഞതായി ബംഗളൂരു മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2025ലെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സർവേക്കായി കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ പുറപ്പെടുവിച്ച പ്രോ ഫോർമയിൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിന് സുധ മൂർത്തി ഒരു സ്വയം പ്രഖ്യാപന കത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

‘ചില വ്യക്തിപരമായ കാരണങ്ങളാൽ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ നടത്തുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ സർവേയിൽ വിവരങ്ങൾ നൽകാൻ ഞാൻ വിസമ്മതിക്കുന്നു’ എന്ന് അതിൽ പറയുന്നു. ‘ഞങ്ങൾ ഒരു പിന്നാക്ക സമുദായത്തിലും ഉൾപ്പെടുന്നില്ല. അതിനാൽ അത്തരം ഗ്രൂപ്പുകൾക്കായി സർക്കാർ നടത്തുന്ന സർവേയിൽ ഞങ്ങൾ പങ്കെടുക്കില്ല’ എന്ന് അവർ കന്നഡ ഭാഷയിലും എഴുതി.

ഈ വിഷയത്തിൽ പ്രതികരണം തേടിയുള്ള ​ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും സുധ മൂർത്തിയോ അവരുടെ പേഴ്‌സണൽ അസിസ്റ്റന്റുമാരോ ഇൻഫോസിസ് ഉദ്യോഗസ്ഥരോ മറുപടി നൽകിയില്ല. രാജ്യസഭാ എം.പിയും കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സുധ മൂർത്തി. 

സെപ്റ്റംബർ 22ന് ആരംഭിച്ച ജാതി സർവേ ഒക്ടോബർ 7ന് അവസാനിപ്പിക്കാനായിരുന്ന​ു നിശ്ചയിച്ചത്. പിന്നീട് ഒക്ടോബർ 18വരെ നീട്ടി. സർവേ പ്രകിയയിൽ പ്രധാനമായും അധ്യാപകർ ഉൾപ്പെടുന്നതിനാൽ ഒക്ടോബർ 18വരെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അധ്യയന നഷ്ടം അധിക ക്ലാസുകൾ നടത്തി നികത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.

Tags:    
News Summary - 'We are not from backward communities'; Infosys founders Narayana Murthy and Sudha Murthy refuse to participate in Karnataka caste survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.