നാല് മാസത്തിനുള്ളിൽ രാജ്യത്ത് നടന്നത് 134 അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങൾ -ഫ്രീ സ്പീച്ച് കളക്ടീവ്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ നാല് മാസമായി നടന്ന അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങളുടെ റിപോർട്ട് പ്രസിദ്ധീകരിച്ച് ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഫ്രീ സ്പീച്ച് കളക്ടീവ്. മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, യൂട്യൂബർമാർ എന്നിവരെ അടിച്ചമർത്തുന്നത് ഉൾപ്പെടെ 134 എണ്ണം ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ, ഭീഷണികൾ, അപകീർത്തികരമായ കേസുകൾ, മാധ്യമങ്ങളുടെ സെൻസർഷിപ്പ്, വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമം, മാധ്യമങ്ങൾക്കെതിരായ നിയമം, ഇന്റെർനെറ്റ് നിയന്ത്രണം തുടങ്ങിയവയാണ് ലംഘനങ്ങൾ കണ്ടെത്താൻ ഫ്രീ സ്പീച്ച് കളക്റ്റീവ് ഉപയോഗിച്ച ചില മാനദണ്ഡങ്ങൾ.

ഇന്ത്യയിലെ സംസാര സ്വാതന്ത്ര്യം അപകടകരമായ നിലയിലേക്ക് കൂപ്പുകുത്തി. ക്രമാനുഗതമായി താഴുന്ന പത്രസ്വാതന്ത്ര്യ സൂചികകൾ അപകടങ്ങളെ അടിവരയിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള 'സ്റ്റാർ' കാമ്പെയ്‌നർമാരിൽ നിന്ന് വിദ്വേഷ പ്രസംഗം ഉണ്ടായിട്ടും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ കാര്യമായ നടപടികളെടുക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് റിപോർട്ടിൽ പറയുന്നു. 10 സംഭവങ്ങളോടെ ഏറ്റവും കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങളുമായി ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനത്തും ഒമ്പതെണ്ണവുമായി മഹാരാഷ്ട്ര തൊട്ടുപിന്നിലുമാണുള്ളത്.

നാല് മാസത്തിനിടെ 34 മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് കണ്ടെത്തി. 2024ന്റെ തുടക്കം മുതൽ അഞ്ച് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. 2018 മുതൽ കസ്റ്റഡിയിലുള്ള കശ്മീർ പത്രപ്രവർത്തകൻ ആസിഫ് സുൽത്താനെ നേരത്തെയുള്ള കേസുകളിൽ ജാമ്യം അനുവദിച്ച് നാല് ദിവസത്തിന് ശേഷം യു.എ.പി.എ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തതായും റിപോർട്ടിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ സമയത്ത് ഓൺലൈനിൽ നടന്ന ചർച്ചകൾ നൂറിലധികം സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നതിന് കാരണമായി. ഹരിയാനയിലെ കർഷകരുടെ പ്രതിഷേധത്തിലും ഇത് തുടർന്നു. ഫെബ്രുവരി 14, 19 തീയതികളിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് കുറഞ്ഞത് 177 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ് ലിങ്കുകളും ബ്ലോക്ക് ചെയ്തതായും റിപോർട്ട് വ്യക്തമാക്കുന്നു.

മങ്കി മാൻ പോലുള്ള സിനിമകൾ ഏപ്രിലിൽ ലോകമെമ്പാടും റിലീസ് ചെയ്തിട്ടും രാജ്യത്ത് റിലീസ് ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതിന്റെ ഉള്ളടക്കത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ സ്വഭാവം കൊണ്ടാകാം ഇതെന്ന് റിപോർട്ടിൽ പരാമർശിച്ചു. അയോധ്യയിൽ ക്ഷേത്രം നിർമിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്ന രാം കേ നാം പോലുള്ള ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചതിന് വിദ്യാർഥികൾക്ക് നേരെയും ആക്രമണമുണ്ടായി.

വാർത്താ മാധ്യമങ്ങളും സെൻസർഷിപ്പിന് വിധേയമായി. കാരവൻ മാസികയോട് അവരുടെ 'സ്‌ക്രീംസ് ഫ്രെം ദി ആർമി പോസ്റ്റ്; ദ ഇന്ത്യൻ ആർമിസ് ടോർചർ ആന്റ് മർഡർ ഓഫ് സിവിലിയൻ ഇൻ റസ്റ്റീവ് ജമ്മു' എന്ന ആർട്ടിക്കിൾ നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ആവശ്യപ്പെട്ടു. ഇൻറർനെറ്റിൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാനും സർക്കാർ ആഗ്രഹിച്ചുവെന്നും റിപോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - India records 134 counts of free speech violation in four months: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.