സൈനികച്ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ന്യൂഡല്‍ഹി: സൈനികമായി വന്‍തോതിലുള്ള നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങിയിരിക്കെ, ഏറ്റവും കൂടുതല്‍ സൈനികച്ചെലവുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ പടക്കോപ്പുകള്‍ പുറത്തുനിന്ന് വാങ്ങുന്ന വികസ്വര രാജ്യങ്ങളുടെ കാര്യമെടുത്താല്‍ സൗദി അറേബ്യക്കു തൊട്ടുപിന്നിലുള്ള രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയെന്ന കണക്കും പുറത്തുവന്നു.  രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനെ പിന്തള്ളി പ്രതിരോധച്ചെലവില്‍ ഇന്ത്യ മൂന്നാം സ്ഥാനക്കാരാവുമെന്ന് ലണ്ടനിലെ ഗവേഷണ സ്ഥാപനമായ ഐ.എച്ച്.എസ് മിര്‍കിതിന്‍െറ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമേരിക്കക്കും ചൈനക്കുമാണ് സൈനികച്ചെലവില്‍ ഒന്നും രണ്ടും സ്ഥാനം. അതേസമയം, 2015 വരെയുള്ള കണക്കുപ്രകാരം വികസ്വര രാജ്യങ്ങളില്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ ആയുധക്കച്ചവടത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ ഗവേഷണ സേവന വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 

അണിയറയില്‍ തയാറാവുന്ന വലിയ നവീകരണ പദ്ധതി വഴി ഏറ്റവും പ്രയോജനമുണ്ടാക്കുന്നത് അമേരിക്കയാണെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. 2008നും 2015നും ഇടയില്‍ 2.31 ലക്ഷം കോടി രൂപയുടെ പടക്കോപ്പുകളാണ് ഇന്ത്യ വാങ്ങിയത്. സൗദി അറേബ്യ ഇക്കാലയളവില്‍ വാങ്ങിയത് 6.36 ലക്ഷം കോടി രൂപയുടേതാണ്. ഇന്ത്യന്‍ വിപണിയെ ആശ്രയിക്കാന്‍ പറ്റാത്ത സ്ഥിതിക്ക് മറ്റു സാധ്യതകള്‍ റഷ്യ തേടുകയാണ്. റഷ്യയുടെ പ്രധാന പ്രതിരോധ ഇടപാടുകാരായിരുന്നു ഇന്ത്യ. പ്രധാന ആയുധ വില്‍പനക്കാരില്‍നിന്ന് റഷ്യ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. റഷ്യയില്‍നിന്ന് തുടര്‍ന്നും ഇന്ത്യ മുമ്പത്തെപ്പോലെ പടക്കോപ്പ് വാങ്ങണമെന്നില്ല. റഷ്യയെ തഴഞ്ഞാണ് 2011ല്‍ ഫ്രാന്‍സില്‍നിന്ന് പുതുതലമുറയില്‍പെട്ട പോര്‍വിമാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

2015ല്‍ 3.16 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ സൈനിക ചെലവ്. ഇക്കൊല്ലം ഇത് 3.45 ലക്ഷം കോടിയായി ഉയര്‍ന്നു. നവീകരണം മുന്നോട്ടു പോകുന്നതു വഴി മൂന്നാം സ്ഥാനക്കാരായ ബ്രിട്ടനെ കടത്തിവെട്ടും. രൂപയുമായി തട്ടിച്ചുനോക്കിയാല്‍ അമേരിക്കയുടെ സൈനികച്ചെലവ് 2015ല്‍ 42.30 ലക്ഷം കോടിയാണ്. ചൈന ചെലവിട്ടത് 13.03 ലക്ഷം കോടി. ബ്രിട്ടന്‍ 3.65 ലക്ഷം കോടി, സൗദി അറേബ്യ 3.29 ലക്ഷം കോടി. ഈ വര്‍ഷം സൗദിക്ക് ചെലവ് 3.10 ലക്ഷം കോടിയാണ്. ആരോഗ്യ മേഖലക്കായി ഇക്കൊല്ലം നീക്കിവെച്ചതിന്‍െറ ഒമ്പതു മടങ്ങാണ് ഇന്ത്യയുടെ പ്രതിരോധ ചെലവ്. 2020 ആകുമ്പോള്‍ ഇന്ത്യയുടെ സൈനിക ചെലവ് 4.35 ലക്ഷം കോടി രൂപയാകുമെന്നാണ് ആഭ്യന്തരമായ പഠനങ്ങള്‍. പ്രതിരോധ ചെലവ് വര്‍ധിക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷത്തെക്കാള്‍ ആഭ്യന്തര സമാധാനവും അതിര്‍ത്തി സാഹചര്യങ്ങളും ഇക്കൊല്ലം മോശമായെന്നും ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 
 

Tags:    
News Summary - india military power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.