ന്യൂഡൽഹി: പൂർണ സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ സൈന്യം. എന്നാൽ, നടപടിക്രമങ്ങൾ സങ്കീർണമായതിനാൽ നിരന്തര പരിശോധന ആവശ്യമാണ്. ഇതിനായി നയതന്ത്ര, സൈനിക തലങ്ങളിൽ സ്ഥിരമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും സൈനിക വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു. കിഴക്കൻ ലഡാക്കിലെ അതിർത്തിസംഘർഷം കുറക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള നാലാംവട്ട സൈനികതല ചർച്ചക്കുശേഷമാണ് സേനയുടെ വിശദീകരണം.
ആദ്യഘട്ട പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും അവലോകനം നടത്തി. യഥാർഥ നിയന്ത്രണരേഖയുടെ (എൽ.എ.സി) ഇന്ത്യൻ ഭാഗത്ത് ചുഷുലിൽ ചൊവ്വാഴ്ച തുടങ്ങിയ കൂടിയാലോചന 15 മണിക്കൂറോളം നീണ്ടു. നിശ്ചിത സമയത്തിനുള്ളിൽ ആയിരക്കണക്കിന് സൈനികരുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു. ലെഫ്. ജനറൽ ഹരീന്ദർ സിങ്ങും മേജർ ജനറൽ ലിയു ലിന്നുമാണ് ഇരുരാജ്യങ്ങളെയും പ്രതിനിധാനംചെയ്തത്. ജൂൺ 15ന് നടന്ന സംഭവത്തിനുശേഷം പരസ്പരവിശ്വാസം വീണ്ടെടുക്കാൻ സമയമെടുക്കുമെന്നും പെട്ടെന്നുള്ള പിന്മാറ്റം സാധ്യമാകില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നടത്തിയ ടെലിേഫാൺ സംഭാഷണത്തിനു ശേഷമാണ് ജൂലൈ ആറിന് ആദ്യഘട്ട സൈനിക പിന്മാറ്റം തുടങ്ങിയത്.
കിഴക്കൻ ലഡാക്കിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചുഷുലിൽ നേരേത്ത നടന്ന ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു. അഞ്ചാംവട്ട സൈനിക തല ചർച്ച ദിവസങ്ങൾക്കുള്ളിൽ നടക്കാൻ സാധ്യതയുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച ലഡാക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ബുധനാഴ്ച ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, സൈനിക മേധാവി ജനറൽ നരവനെ എന്നിവർ കിഴക്കൻ ലഡാക്കിലെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരെ ചൈനീസ് സേന കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്. 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്ചെയ്തിരുന്നുവെങ്കിലും ചൈന ഇത് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.