2013 ൽ അവസാനമായി ജാത്തിഉംറയിലെത്തിയ ശഹ്ബാസ് ഗ്രാമനേതാക്കൾക്കൊപ്പം

ജാത്തിഉംറ ഗ്രാമവാസികൾക്ക് ഒരു ആഗ്രഹം മാത്രം; ശഹ്ബാസ് ഇനിയുമിവിടെ വരണം

ജലന്ധർ: കഴിഞ്ഞ തിങ്കളാഴ്ച പാകിസ്‍താൻ പ്രധാനമന്ത്രിയായി ശഹ്ബാസ് ശരീഫ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിർത്തിക്കിപ്പുറത്ത് ഇന്ത്യയിൽ ഒരു ചെറിയ ഗ്രാമത്തിൽ ആഹ്ലാദം അണപൊട്ടി. അമൃത്സറിന് സമീപത്തെ തരൺ തരൺ ജില്ലയിലെ ജാത്തിഉംറ ഗ്രാമത്തിൽ മധുരം വിതരണം ചെയ്യുകയും ഗുരുദ്വാരയിൽ പ്രത്യേക പ്രാർഥന നടക്കുകയും ചെയ്തു. ശഹ്ബാസ് ശരീഫിന്റെ പൂർവിക ഗ്രാമമാണ് ജാത്തിഉംറ. 1932 ലാണ് ശരീഫ് കുടുംബം ജാത്തിഉംറയിൽ നിന്ന് ലാഹോറിലേക്ക് കുടിയേറിയത്.

ശഹ്ബാസിന്റെ സ്ഥാനലബ്ധിയിൽ ആഹ്ലാദഭരിതരായ ഗ്രാമവാസികൾക്ക് ഒരു ആഗ്രഹമേ ഇപ്പോഴുള്ളൂ- ശഹ്ബാസ് ഇവിടം സന്ദർശിക്കാൻ വരണം. 2013ൽ ശഹ്ബാസ് കുടുംബവുമായി ഇവിടെയെത്തിയിരുന്നു. ഈ നാടിന്റെ മകനാണ് ശഹ്ബാസെന്നും അതിൽ ശഹ്ബാസിനും അഭിമാനമുണ്ടെന്നും ഒരു ഗ്രാമവാസി പറഞ്ഞു. ശഹ്ബാസിന്റെ രാഷ്ട്രീയനേട്ടം മാത്രമല്ല, നാടുമായി അദ്ദേഹം പുലർത്തുന്ന വൈകാരിക ബന്ധവും നാട്ടുകാരുടെ ആഹ്ലാദത്തിന് കാരണമാണെന്നാണ് മുൻ ഗ്രാമമുഖ്യൻ ദിൽബാഗ് സിങ് പ്രതികരിച്ചത്. ഖത്തറിലെ ശഹ്ബാസിന്റെ സ്റ്റീൽ കമ്പനിയിൽ ജാത്തിഉംറയിൽ നിന്നുള്ള നിരവധി യുവാക്കൾക്ക് ജോലി നൽകിയിട്ടുണ്ട്. കമ്പനിയിൽ ജോലിക്കുള്ള വിസ നടപടികൾ എല്ലാം അദ്ദേഹം എളുപ്പമാക്കിക്കൊടുത്തു.

വിഭജനത്തിന് മുമ്പ് അവിഭക്ത പഞ്ചാബിലുണ്ടായിരുന്ന ശരീഫ് കുടുംബത്തിന്റെ ഫാക്ടറിയിലും ഈ നാട്ടുകാർക്ക് ജോലി ഉണ്ടായിരുന്നു -ദിൽബാഗ് സിങ് കൂട്ടിച്ചേർത്തു. ശഹ്ബാസ് അധികാരമേറ്റ ദിവസം ശഹ്ബാസ് കുടുംബം സ്ഥലം ദാനം ചെയ്ത ഗുരുദ്വാരയിലാണ് പ്രത്യേക പ്രാർഥനയും നടന്നത്. അന്ന് ഗ്രാമപ്രമുഖരും മറ്റും ഒത്തുകൂടി വലിയൊരു വിവാഹം പോലെയാണ് ആഘോഷിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. 26 വർഷം മുമ്പ് ഗ്രാമത്തിലെത്തിയപ്പോഴാണ് ജാത്തിഉംറയിലെ തങ്ങളുടെ പൂർവികഭവനം ശഹ്ബാസ് ഗുരുദ്വാരക്കായി നൽകിയത്. അവിടെയാണ് ശ്രീ കൽഗിദർ സാഹിബ് ഗുരുദ്വാര. ശഹ്ബാസിന്റെ പ്രപിതാമഹൻ മിയാൻ മുഹമ്മദ് ബക്ഷിന്റെ ഖബറിടവും ജാത്തിഉംറയിലാണ്. ഗ്രാമവാസികളാണ് ഖബറിടത്തിന്റെ പരിപാലനം നിർവഹിക്കുന്നത്.

ഗ്രാമത്തിൽനിന്നുള്ള നിരവധി പേർ ലാഹോറിലുള്ള ശഹ്ബാസിന്റെ വീട് മുൻകാലങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതോടെ അത്തരം സന്ദർശനങ്ങളും ഇല്ലാതായി. ഓരോ തവണ നാട്ടുകാർ വരുമ്പോൾ കുറഞ്ഞത് നൂറുപേരെയെങ്കിലും കൂടെ കൊണ്ടുവരാൻ ശഹ്ബാസ് ആവശ്യപ്പെടുമായിരുന്നു. ഇന്ത്യയിൽനിന്നുള്ള സഹോദരന്മാർ തന്നെ കാണാൻ വരുന്നുവെന്ന കാര്യം എല്ലാവരും അറിയട്ടെയെന്നായിരുന്നു ശഹ്ബാസിന്റെ അഭിപ്രായം.

Tags:    
News Summary - In Shehbaz Sharif's ancestral village in Punjab, people nurture hope of better India-Pak ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.