ന്യൂഡൽഹി: കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മൻമോഹൻ സിങ്ങും പർവേശ് മുശർറഫും മുന്നോട്ടു വെച്ച 4 പോയിന്റ് ഫോർമുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരന് സുപ്രീംകോടതി വെള്ളിയാഴ്ച 50,000 രൂപ പിഴ ചുമത്തി. പ്രശ്‌നത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്ന് അടിവരയിട്ട് ഐ.ഐ.ടി-ബോംബെ ബിരുദധാരിയായ പ്രഭാകർ വെങ്കിടേഷ് ദേശ്പാണ്ഡെ സമർപ്പിച്ച ഹരജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
"സ്വയംഭരണം, സംയുക്ത നിയന്ത്രണം, സൈനികവൽക്കരണം, സുഷിര അതിർത്തികൾ" എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുൻ പ്രസിഡന്റും രൂപകല്പന ചെയ്ത ഫോർമുലയാണ് നടപ്പാക്കേണ്ടതെന്ന് മിസ്റ്റർ ദേശ്പാണ്ഡെ ആവശ്യപ്പെട്ടു.
ഇത്തരം ഹരജികളയച്ച് കോടതിയുടെ സമയം പാഴാക്കിയതിന് പിഴ ചുമത്തുമെന്ന് നോട്ടീസ് നൽകുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
70 വർഷമായി കശ്മീരിനെ ചൊല്ലി പാകിസ്താനുമായി യുദ്ധങ്ങൾ നടന്നെങ്കിലും പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അരൂപ് ബാനർജി പറഞ്ഞു.
ഏതാനും മിനിറ്റുകൾ നീണ്ട വാദം കേട്ട ബെഞ്ച് ഹരജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ഹരജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.