ഹൈദരാബാദ്: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഇനി പിഴയൊടുക്കിയാൽ മാത്രം ഊരിപ്പോരാനാകില്ല. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി സിറ്റി ട്രാഫിക് പോലീസ് നിയമങ്ങൾ കർശനമാക്കി. ഹെൽമറ്റ് ധരിക്കാതെ പിടിക്കപ്പെട്ടാൽ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാനാണ് അധികൃതരുടെ തീരുമാനം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങളിൽ പിഴത്തുകയിലും വൻ വർധനയാണ് വരുത്തിയിരിക്കുന്നത്.
ആദ്യമായി ഹെൽമറ്റില്ലാതെ പിടിക്കപ്പെട്ടാൽ 100 രൂപയാണ് പിഴ. എന്നാൽ, രണ്ടാം തവണയും ഇത് ആവർത്തിച്ചാൽ 1000 രൂപ പിഴയും ഒപ്പം മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. അമിതവേഗതക്ക് ആദ്യ തവണ 2000 രൂപയും രണ്ടാം തവണ 20,000 രൂപയുമാണ് പിഴ. സിഗ്നൽ ലംഘിച്ചാൽ 500 രൂപ മുതൽ 5,000 രൂപ വരെയും, ആംബുലൻസുകൾക്ക് വഴി നൽകാതിരുന്നാൽ 1,000 രൂപ മുതൽ 10,000 രൂപ വരെയും പിഴയൊടുക്കേണ്ടി വരും. പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിച്ചാൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവുമാണ് ശിക്ഷ.
ഡിജിറ്റൽ സംവിധാനം വഴി നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലുള്ള പിഴകൾ 45 ദിവസത്തിനുള്ളിൽ അടച്ചുതീർത്തില്ലെങ്കിൽ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ഇതോടെ വാഹനത്തിന്റെ ആർ.സി, ഡ്രൈവിങ് ലൈസൻസ് എന്നിവ മരവിപ്പിക്കും. ഇത്തരത്തിൽ മരവിപ്പിക്കപ്പെട്ടാൽ വാഹനം വിൽക്കാനോ ഇൻഷൂറൻസ് പുതുക്കാനോ സാധിക്കില്ല. കൂടാതെ, ലൈസൻസ് റദ്ദാക്കപ്പെട്ട ശേഷം വണ്ടിയോടിച്ചാൽ വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്യും.
ഇന്ത്യയിൽ പ്രതിവർഷം അഞ്ച് ലക്ഷത്തോളം റോഡപകടങ്ങൾ നടക്കുന്നുണ്ടെന്നും ഇതിൽ രണ്ട് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുന്നുണ്ടെന്നുമാണ് കണക്കുകൾ. ഈ സാഹചര്യത്തിലാണ് കർശന നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പിഴയടക്കാൻ വൈകുന്നവരുടെ വാഹനങ്ങൾ ഓൺലൈൻ ഡാറ്റാബേസിൽ ബ്ലോക്ക് ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.