‘ഇന്ത്യയെ ഒന്നിപ്പിക്കാനായിരുന്നു’ ജോഡോ യാത്രയെങ്കിൽ ‘എല്ലാവർക്കും നീതി തേടി’ ഭാരത് ന്യായ് യാത്ര

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ‘ഭാരത് ന്യായ് യാത്ര’ക്ക് കോൺഗ്രസ് തയാറെടുക്കുമ്പോൾ യാത്രയുടെ മുദ്രാവാക്യത്തിന് കാതലായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ (ഒരുമിച്ച് നടക്കൂ, രാജ്യത്തെ ഒന്നിപ്പിക്കൂ) എന്നതായിരുന്നു ജോഡോ യാത്രയുടെ മുദ്രാവാക്യം. എന്നാൽ, ‘എല്ലാവർക്കും നീതി വേണം’ എന്നതാണ് ഭാരത് ന്യായ് യാത്രയുടെ പ്രധാന മുദ്രാവാക്യം.

വനിതകൾ, യുവാക്കൾ, സാധാരണ ജനങ്ങൾ അടക്കം എല്ലാവർക്കും നീതി വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇപ്പോൾ എല്ലാം സമ്പന്നരിലേക്ക് പോകുന്നു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്കുള്ള നീതിയാണ് യാത്രയിലൂടെ കോൺഗ്രസ് ഊന്നിപ്പറയുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രക്ക് ജനുവരി 14നാണ് തുടക്കം കുറിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ നിന്ന് തുടങ്ങി മഹാരാഷ്ട്രയിലെ മുബൈയിലാണ് യാത്ര അവസാനിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്യും.

14 സംസ്ഥാനങ്ങളിലൂടെയും 85 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര 6200 കീലോമീറ്റർ പ്രത്യേകം സജ്ജീകരിച്ച ബസിലും കാൽനടയായുമാണ് പൂർത്തിയാക്കുക. മണിപ്പൂർ, നാഗാലൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

രാഹുൽ ഗാന്ധി നയിച്ച വൻ വിജയമായിരുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. ജോഡോ യാത്ര 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ഏകദേശം 3970 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 136 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്.

യാത്രയുടെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം സംഘടിപ്പിച്ച പൊതു റാലികളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവാദിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു രാഹുൽ നയിച്ച യാത്രയുടെ മുഖ്യ ലക്ഷ്യം. തൊഴിലില്ലായ്മ, അസമത്വം എന്നിവയും മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നതുമായിരുന്നു.

Tags:    
News Summary - If the Jodo Yatra was to 'unify India', the Bharat Nyay Yatra was to 'Sabke liye Nyay' (Justice for everyone)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.