"ഞാനും മുഖ്യമന്ത്രി വിജയും സ്പീക്കർ പ്രഭാകറും ഒരേ കോളേജിലാണ് പഠിച്ചത്"; പ്രതിപക്ഷ നേതാവിന്റെ കന്നി പ്രസംഗത്തിൽ ഉദയനിധി

ചെന്നൈ: സൗഹൃദം പുതുക്കിയും തമിഴ് പാരമ്പര്യത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയും നിയമസഭയിൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ഉദയനിധി സ്റ്റാലിൻ നടത്തിയ കന്നിപ്രസംഗം.മുഖ്യമന്ത്രി വിജയും സ്പീക്കർ പ്രഭാകറും താനും ലയോള കോളജിലെ സഹപാഠികളാണെന്ന വസ്തുത ഉദയനിധി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അതേസമയം രാഷ്ട്രീയത്തിൽ തങ്ങൾ സീനിയറാണെന്ന് എടുത്തുപറഞ്ഞ ഉദയനിധി തങ്ങൾ മികച്ച പ്രതിപക്ഷമാവുമെന്ന് മുന്നറിയിപ്പും നൽകി.

"ഞാനും മുഖ്യമന്ത്രി വിജയും സ്പീക്കർ പ്രഭാകറും എല്ലാവരും ഒരേ കോളേജിലാണ് പഠിച്ചത്, പക്ഷേ ഡി.എം.കെ. ഭരണത്തിലെ സീനിയർ ബാച്ചാണ്, നിങ്ങളെ പഠിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്," ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ വിജയ് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

രാഷ്ട്രീയമായ പോരാട്ടങ്ങൾ തുടരുമ്പോഴും തമിഴ്‌നാടിന്റെ വികസനത്തിനായി ഭരണപക്ഷവുമായി സഹകരിക്കാൻ തങ്ങൾ ഒരുക്കമാണെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ സാംസ്കാരിക അടയാളങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. തമിഴ് മണ്ണിൽ തമിഴ് വികാരത്തെ പിന്നിലാക്കുന്ന ഒരു നീക്കവും നിയമസഭയിലോ പുറത്തോ അനുവദിക്കില്ല, ഇക്കാര്യത്തിൽ പ്രതിപക്ഷം അതീവ ജാഗ്രത പുലർത്തും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണപക്ഷത്തിന് തുല്യമായ കരുത്തുള്ള പ്രതിപക്ഷമാണ് ഇത്തവണ സഭയിലുള്ളത്. ജനങ്ങൾ ഡി.എം.കെയെ ഏൽപ്പിച്ചിരിക്കുന്നത് സർക്കാരിനെ ശരിയായ ദിശയിൽ നയിക്കാനുള്ള ഉത്തരവാദിത്തമാണ്. സഭയിൽ ഇത്തവണ കൂടുതൽ വനിതാ പ്രതിനിധികൾ എത്തിയത് നല്ല കാര്യമാണ്. പുതിയ അംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

തിങ്കളാഴ്ച സഭയിൽ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി ജോസഫ് വിജയ് ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചിരുന്നു. എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എം.കെ. സ്റ്റാലിൻ വിജയിയെ പൊന്നാടയണിയിക്കുകയും ഉദയനിധി സ്റ്റാലിൻ വിജയിക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തിരുന്നു. വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വർഷത്തിനുശേഷമാണ് ദ്രാവിഡ പാർട്ടിയല്ലാത്ത ഒരു പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്

Tags:    
News Summary - I, CM Vijay, Speaker Prabhakar all went to the same college, Udhayanidhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.